തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലു ദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചവ ഒഴികെയുള്ള ജില്ലകളിൽ നാളെ യെല്ലോ അലർട്ടുണ്ട്. മറ്റന്നാൾ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ലക്ഷദ്വീപിലും ജാഗ്രതാ നിർദ്ദേശമുണ്ട്.

26 മുതൽ 30 വരെയുള്ള തീയതികളിൽ തെക്ക് പടിഞ്ഞാറൻ മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കി.മീ വേഗത്തിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമന്ന് ദുരന്തനിവാരണ അഥോറിറ്റി നിർദ്ദേശിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.