അമരാവതി: ആന്ധ്രപ്രദേശിൽ കനത്ത മഴയെത്തുടർന്ന് ബസുകൾ ഒഴുക്കിൽപ്പെട്ട് 12 മരണം. 18 പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ദക്ഷിണ ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ മണ്ടപ്പള്ളി ഗ്രാമത്തിലാണു സംഭവം. പ്രളയത്തെ തുടർന്നു കടപ്പ ജില്ലയിലെ മണ്ടപ്പള്ളി, അക്കേപാടു നന്ദലുരു ഗ്രാമങ്ങളിൽ ഒറ്റപ്പെട്ട ജനങ്ങളെ പുറത്തെത്തിക്കാൻ പോയ ആന്ധ്രപ്രദേശ് ആർടിസി ബസുകളാണ് ഒഴുക്കിൽപ്പെട്ടത്.

നിറയെ ആളുകളുമായി മടങ്ങുകയായിരുന്ന ബസ് പ്രളയമേഖലയിൽവച്ചു മുന്നോട്ടുപോകാനാവാതെ നിന്നുപോകുകയായിരുന്നു. ആളുകൾ ബസുകൾക്കു മുകളിൽ കയറിനിന്ന് സഹായത്തിനായി കേഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മിനിറ്റുകൾക്കകം ബസുകൾ ഒഴുകിപോയി. മൂന്നു ബസുകളിൽ ഇതിലേറെ പേരുണ്ടെന്നാണ് സൂചന.

മേഖലയിൽ പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. നദീതീരത്തും ഗ്രാമങ്ങളിലും ഒറ്റപ്പെട്ടവരെ രക്ഷിക്കാൻ ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. ചിറ്റൂരിലാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. മേഖലയിൽ നിരവധി വീടുകൾ തകർന്നു.

വളർത്തുമൃഗങ്ങളും വാഹനങ്ങളുമെല്ലാം കുത്തിയൊലിച്ചു വന്ന വെള്ളത്തിൽ ഒഴുകിപ്പോയി. ചിറ്റൂർ, കടപ്പ, തിരുപ്പതി മേഖലകളിലാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്.  

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കനത്ത മഴയിൽ ആന്ധ്രയുടെ കിഴക്കൻ ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്അതേസമം തിരുപ്പതി തിരുമല ക്ഷേത്രത്തിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

ചെയ്യേരു നദിയിൽ ഒഴുക്കിൽപ്പെട്ട 30 പേരെ ദുരന്തനിവാരണ സേന രക്ഷിച്ചു. തിരുപ്പതിയിൽ വെള്ളപ്പൊക്കം രൂക്ഷമായതോടെ കേരളത്തിൽ നിന്ന് അടക്കം എത്തിയ നിരവധി തീർത്ഥാടകർ കുടുങ്ങി. നൂറ് കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു.

ക്ഷേത്രനഗരമായ തിരുപ്പതിയിലെ എഴുപത് ശതമാനം പ്രദേശങ്ങളും വെള്ളത്തിലാണ്. പ്രസിദ്ധമായ വെങ്കടേശ്വര ക്ഷേത്രം, കപീലേശ്വര ക്ഷേത്രം , ആജ്ഞനേയ ക്ഷേത്രത്തിലും വെള്ളക്കെട്ട് രൂക്ഷമാണ്. ക്ഷേത്രത്തിലേക്കുള്ള വൈകുണ്ഠം ക്യൂ കോംപ്ലക്സിലൂടെ കനത്ത വെള്ളപ്പാച്ചിലാണുണ്ടായത്. ഉപക്ഷേത്രങ്ങളിൽ പലതും വെള്ളത്തിനടിയിലാണ്.

തിരുപ്പതി ക്ഷേത്രത്തിനു സമീപത്തുള്ള നാല് തെരുവുകളും വെള്ളത്തിലായി.വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ നൂറ് കണക്കിന് തീർത്ഥാടകരാണ് കുടുങ്ങിയത്. തിരുപ്പതി ദർശനം കഴിഞ്ഞ് ബസിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് നിന്നുള്ള പതിനഞ്ചംഗ സംഘം ചിറ്റൂരിൽ കുടുങ്ങി. ഇവരെ രക്ഷാപ്രവർത്തക സംഘം സർക്കാർ കേന്ദ്രങ്ങളിലേക്ക് മാറ്റി. ചന്ദ്രഗിരി ടൗൺ, മധുര നഗർ, നയനഗിരി അടക്കം പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം വെള്ളപ്പൊക്കമാണ്. ദേശീയ ദുരന്തനിവാരണ സേനയെ തിരുപ്പതിയിൽ വിന്യസിച്ചു.

തിരുപ്പതിയിലേക്കുള്ള വിമാനങ്ങൾ ഹൈദരാബാദിലേക്കും ബംഗ്ലൂരുവിലേക്കും വഴിതിരിച്ചുവിട്ടു.നെല്ലൂർ കടപ്പ പ്രകാശം അടക്കം തീരമേഖലയിലെ ജില്ലകളിൽ നിരവധി വീടുകളിൽ വെള്ളം കയറി. മരം വീണും മണ്ണിടിഞ്ഞും വ്യാപക നാശനഷ്ടമുണ്ടായി. സ്‌കൂളുകൾക്ക് രണ്ട് ദിവസത്തേക്ക് അവധി നൽകിയിരിക്കുകയാണ്. മുഖ്യമന്ത്രി ജഗ്ഗന്മോഹൻ റെഡ്ഢിയുമായി ഫോണിൽ സംസാരിച്ച കേന്ദ്രസംഘം സ്ഥിതി വിലയിരുത്തി.