തിരുവനന്തപുരം: അസ്സൽ പ്രമാണം എസ് ബി ഐ യിൽ പണയപ്പെടുത്തി ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയ വിവരം മറച്ച് വെച്ച് ഫ്‌ളാറ്റ് വിൽപ്പന നടത്തി കേരളത്തിലങ്ങോളമിങ്ങോളമുള്ള അനവധി പേരെ വിശ്വാസ വഞ്ചന ചെയ്ത ഹീരാ ഫ്‌ളാറ്റ് തട്ടിപ്പുകേസിൽ സർക്കാർ നിലപാടറിയിക്കാൻ കോടതി ഉത്തരവിട്ടു.തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. ജനുവരി 30 ന് നിലപാടറിയിക്കാൻ മ്യൂസിയം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോടും സർക്കാരിനോടും ജഡ്ജി കെ.എൻ. അജിത് കുമാറാണ് ഉത്തരവിട്ടത്.

വഞ്ചനാ കേസിൽ ഒന്നു മുതൽ മൂന്നു വരെ പ്രതികളായ ഹീരാ കൺസ്ട്രക്ഷൻ കമ്പനി മാനേജിങ് ഡയറക്ടർ ഹീര ബാബു എന്ന എ.അബ്ദുൾ റഷീദ്, ഡയറക്ടർമാരായ ഇയാളുടെ ഭാര്യ സുനിത ബീഗം, മകൻ സുബിൻ അബ്ദുൾ റഷീദ് എന്നിവരാണ് അറസ്റ്റ് തടയാനായി മുൻകൂർ ജാമ്യഹർജിയുമായി രംഗത്തെത്തിയത്.

പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തി ഹീരാ ബ്ലൂ ബെൽസ് ഫ്‌ളാറ്റ് സമുച്ചയത്തിലെ പന്ത്രണ്ടും പതിമൂന്നും നിലകളിലുള്ള ഫ്‌ളാറ്റുകൾ 2009 കാലയളവിൽ ഒന്നാം പ്രതി അപേക്ഷകനും മറ്റു പ്രതികൾ കൂട്ടപേക്ഷകരുമായി നിന്ന് എസ് ബി ഐ കവടിയാർ ബ്രാഞ്ചിൽ പണയപ്പെടുത്തി ലക്ഷങ്ങൾ കൈപ്പറ്റിയ വിവരം മറച്ച് വെച്ച് അതേ ഫ്‌ളാറ്റുകൾ വിൽപ്പന നടത്തി അനവധി പേരെ വഞ്ചിച്ച് ലോൺ തുക കൃത്യമായി അടയ്ക്കാതെ ഫ്‌ളാറ്റുകൾ ജപ്തി നടപടികൾക്ക് വിധേയമാകാൻ ഇടയാക്കി പരാതിക്കാർക്ക് ലോൺ തുകയുടെ ബാധ്യത ഉണ്ടാക്കാൻ ഇടയാക്കിയും പ്രതികൾ കുറ്റകരമായ ട്രസ്റ്റ് ലംഘനം നടത്തി വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചുവെന്നാണ് കേസ്.