ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈൽ 'ഹെലിന'യുടെ പരീക്ഷണം വിജയം. അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിൽ(എഎൽഎച്ച്) നിന്നാണ് ഹെലിന വിക്ഷേപിച്ചത്. ഡിആർഡിഒയിലെ മുതിർന്ന ശാസ്ത്രജ്ഞരും മുതിർന്ന കരസേന ഉദ്യോഗസ്ഥരും പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു.

മുൻപ് നടത്തിയ പരീക്ഷണങ്ങളുടെ തുടർച്ചയായി പ്രയോഗക്ഷമത ഉറപ്പിക്കുന്ന പരീക്ഷണമായിരുന്നു ഇത്. പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ(ഡിആർഡിഒ) ശാസ്ത്രജ്ഞരും, കര-വ്യോമ സേനാ സംഘങ്ങളും സംയുക്തമായാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. കൃത്രിമമായി നിർമ്മിച്ച യുദ്ധടാങ്കിനെ ലക്ഷ്യമാക്കിയാണ് മിസൈൽ വിക്ഷേപിച്ചത്.

ഏഴ് കിലോമീറ്റർ ദൂരത്തിൽ വരെ പ്രഹരമേൽപിക്കാൻ ശക്തിയുള്ള മിസൈലാണ് ഹെലിന. ലോക്ക് ഓൺ ബിഫോർ ലോഞ്ച് മോദിൽ പ്രവർത്തിക്കുന്ന ഇൻഫ്രാ-റെഡ് ഇമേജിങ് സീക്കർ(ഐഐആർ) ആണ് ഹെലിനയെ നയിക്കുന്നത്. പൊഖ്റാനിൽ നടത്തിയ പ്രയോഗക്ഷമതാ പരിശോധനയുടെയും, സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ നടത്തിയ പരീക്ഷണത്തിലെ വിജയവും മിസൈലിന്റെ ഹെലികോപ്റ്റർ സംയോജനത്തിന് വഴിതെളിക്കും. ലോകത്തിലെ അത്യാധുനീക ടാങ്ക് വേധ മിസൈലുകളിൽ ഒന്നാണിത്