കാസർകോട്: കോഴിപ്പോര് നിരോധിച്ചതാണെങ്കിലും കാസർകോട് ജില്ലയുടെ കർണ്ണാടകയോടു ചേർന്നുള്ള അതിർത്തി ഗ്രാമങ്ങളിൽ ഈ വിനോദം ഇപ്പോഴും സജീവമാണ്.ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധയിടങ്ങളിൽ കോഴിപ്പോര് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാകുന്നത്.ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാഗിരി കടാർ, പീലിത്തടുക്ക എന്നിവിടങ്ങളിൽ നിന്ന് കോഴിയങ്കം നടത്തുന്നതിനിടെയാണ് ആറു കോഴികളെയും 12 പേരെയും പൊലീസ് പിടികൂടിയത്. കോഴികൾക്ക് പുറമേ ആയുധങ്ങളും ഇവരുടെ പക്കൽ നിന്ന് പൊലീസ് കണ്ടെത്തി

ബദിയടുക്ക എസ് ഐ കെ പി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കാൻ എത്തിയ കാഴ്‌ച്ച കോടതിയിൽ വിവിധാവശ്യങ്ങൾക്കായി എത്തിയവർക്ക് കൗതുകകാഴ്‌ച്ചയായി.പ്രതികളെയും കൊണ്ട് പൊലീസ് ജീപ്പ് എത്തുന്നത് സ്ഥിരം കാഴ്ചയാണെങ്കിലും കഴിഞ്ഞ ദിവസം പൊലീസ് ജീപ്പിൽ വന്നിറങ്ങിയത് ആറ് പന്തയകോഴികളാണ്. ചാക്കുകളിലാക്കിയാണ് കോടതി പരിസരത്തേക്ക് എത്തിച്ചത്.

കോടതി നടപടികൾ പൂർത്തിയാക്കിയ ശേഷം കോഴികളെ ലേലത്തിൽ വിൽപ്പന നടത്തി.600 രൂപ മുതൽ 2000 രൂപ വരെ വിലയിട്ടാണ് പരസ്യലേലത്തിലുടെ കോഴികളെ വിറ്റത്.പോർക്കളത്തിൽ ശൗര്യത്തോടെ പോരാടുന്ന കോഴികളെ സ്വന്തമാക്കാൻ മത്സരിച്ചുള്ള ലേലം വിളിയാണ് നടന്നത്. അരമണിക്കൂറിനുള്ളിൽ 8050 രൂപയാണ് ഖജനാവിൽ എത്തിയത്.