തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങളിലൊക്കെ തെരഞ്ഞെടുപ്പിൽ താരപ്പോര് പതിവാണെങ്കിലും കേരളത്തെ സംബന്ധിച്ച്് അതിന് അത്ര പ്രചാരമില്ല.എന്നാൽ ഇത്തവണ അതായിരുന്നില്ല സ്ഥിതി.പതിവിൽ കൂടുതൽ സിനിമാതാരങ്ങൾ തെരഞ്ഞെടുപ്പ് ഗോധയിലെത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്.അതുകൊണ്ട് തന്നെ പാർട്ടിയുടെ വിജയക്കിനൊപ്പം ഇവരുടെ ഫലമറിയാനും കേരളം കാത്ത് നിന്നു. ആദ്യഘട്ടത്തിൽ ഒട്ടേറെപ്പേരുടെ പേരുകൾ ഉയർന്ന് കേട്ടെങ്കിലും കൂട്ടിക്കിഴിക്കലുകൾക്ക് ശേഷം അവസാനം അഞ്ച് പേരാണ് അവസാന അങ്കത്തിനുണ്ടായിരുന്നത്.യുഡിഎഫിന് വേണ്ടി ധർമ്മജൻ ബോൾഗാട്ടി, ബിജെപിക്കായി സുരേഷ്‌ഗോപി, കൃഷ്ണകുമാർ,എൽഡിഎഫിനായി കെ ഗണേശ് കുമാർ, മുകേഷ് എന്നിവരാണ് മത്സരരംഗത്തുണ്ടായത്.

ഫലം വന്നപ്പോൾ ധർമ്മജൻ, സുരേഷ് ഗോപി, കൃഷ്ണകുമാർ എന്നിവർ പരാജയം രുചിച്ചപ്പോൾ ഗണേശും മുകേഷും വിജയം കണ്ടു.മത്സര ഫലം വന്നപ്പോൾ ആദ്യം തോൽവി ഏറ്റുവാങ്ങിയത് ബാലുശ്ശേരിയിൽ മത്സരിച്ച ധർമജനായിരുന്നു. അദ്ദേഹം തുടക്കത്തിൽ പോസ്റ്റൽ വോട്ട് എണ്ണുന്ന പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ പിന്നീട് എല്ലായിടത്തും തോൽവി ഏറ്റുവാങ്ങുകയായിരുന്നു. സച്ചിനോടായിരുന്നു ധർമജന്റെ പരാജയം. പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി താരം ഇപ്പോൾ കാഠ്മണ്ഡുവിലാണ്.

തൃശ്ശൂർ എടുക്കാൻ രണ്ടാം തവണയും ശ്രമം നടത്തിയ സുരേഷ് ഗോപി അവസാനം വരെ എടുക്കുമെന്നാണയിരുന്നു കരുതിയത്. എന്നാൽ കൊതിപ്പിച്ചു കടന്നു കളഞ്ഞു.അവസാന ലാപ്പിൽ തൃശ്ശൂർ അദ്ദേഹത്തിന് വിട്ടുനൽകാതെ എൽഡിഎഫ് സ്വന്തമാക്കുകയായിരുന്നു.

തിരുവനന്തപുരത്ത് തുടക്കം മുതൽ തന്നെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന കൃഷ്ണകുമാർ മൂന്നാം സ്ഥാനത്ത് തന്നെയായിരുന്നു. ഒരുമിന്നലാട്ടം പോലെ പട്ടികയിൽ മുന്നിലേക്ക് എത്തിയെങ്കിലും നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. എൽഡിഎഫ് സ്ഥാനാർത്ഥിയായ ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ആന്റണി രാജുവാണ് മണ്ഡലത്തിൽ വിജയിച്ചത്.

അഞ്ചാം തവണയും ഗണേശ് കുമാറിനെ പത്തനാപുരം കൈവിട്ടില്ല. ഗണേശ് തുടക്കം മുതൽ തന്നെ ലീഡ് നിലനിർത്തി. എതിർ സ്ഥാനാർത്ഥിയായ ജ്യോതികുമാർ ചാമക്കാലയ്ക്ക് നിലം തൊടാൻ പോലും കഴിഞ്ഞില്ല എന്നതാണ് വസ്തുത. അത്രയും വലയ ഭൂരിപക്ഷമാണ് ഗണേശ് മണ്ഡലത്തിൽ സ്വന്തമാക്കിയത്.

കൊല്ലം നിയോജക മണ്ഡലത്തിൽ മുകേഷ് തുടക്കം ലീഡ് ചെയ്തെങ്കിലും ഇടയ്ക്ക് ബിന്ദു കൃഷ്ണ മുകേഷിനെ പിന്തള്ളുന്ന കാഴ്ചയുണ്ടായി. അവസാനം മുകേഷ് തന്നെ വിജയം കരസ്ഥമാക്കി. 'ഒരുപാട് പുകമറകളും നുണകളും വ്യക്തിഹത്യയും ഉണ്ടായ തെരഞ്ഞെടുപ്പായിരുന്നു ഇത്. എന്നാൽ അതിനെയെല്ലാം മറികടന്ന് വികസനത്തിന് കൊല്ലത്തെ പ്രബുദ്ധരാജ ജനങ്ങൾ തന്നെ വിജയിപ്പിച്ചു' എന്ന് മുകേഷ് ഫേസ്‌ബുക്കിലൂടെ പറഞ്ഞു. ഇത് തുടർച്ചയായ രണ്ടാം തവണയാണ് മുകേഷ് കൊല്ലം മണ്ഡലത്തിൽ വിജയിക്കുന്നത്.

നിലവിൽ താരസംഘടനയിൽ നിന്നും ഇടതുപക്ഷ മുന്നനിലയിലേക്ക് രണ്ടുപേരാണ് വിജയിച്ചിരിക്കുന്നത്. പത്തനാപുരത്ത് നിന്നും ഗണേശ് കുമാറും കൊല്ലത്ത് നിന്ന് മുകേഷും. ഗണേശ് കുമാർ മന്ത്രിയാകുമെന്ന് കണക്കാക്കപ്പെടുന്നു.