കൊച്ചി: പ്രതിപക്ഷ നേതൃസ്ഥാനത്തിൽ ഗ്രൂപ്പുകൾക്ക് അതീതമായ ചർച്ചകളും തീരുമാനങ്ങളുമാണ് ഉണ്ടായിട്ടുള്ളതെന്ന് ഹൈബി ഈഡൻ എംപി. ഹൈക്കമാൻഡിന്റെ തീരുമാനത്തെ പരിപൂർണമായി അംഗീകരിക്കുന്നു. പാർട്ടി തീരുമാനത്തിനു വേണ്ടി കേരളത്തിലെ യുവസമൂഹം പ്രതീക്ഷയോടെയാണ് കാത്തിരുന്നതെന്നും ഹൈബി പറഞ്ഞു.

നേതൃത്വത്തെ തീരുമാനിക്കുന്നത് ഹൈക്കമാൻഡിന് വലിയ ദൗത്യമായിരുന്നു.വി.ഡി. സതീശനെന്ന രാഷ്ട്രീയ നേതാവിനു വളരെ വൈകിയെത്തിയ അംഗീകാരമാണ് പുതിയ സ്ഥാനലബ്ധി. വലിയ പ്രതീക്ഷയാണ് കേരളത്തിലെ ജനം അദ്ദേഹത്തിൽ അർപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് തീരുമാനം എടുക്കുമ്പോൾ വൈകിയെന്നു വിമർശനം ഉയരുമ്പോഴും ജനാധിപത്യപരമായ തീരുമാനമാണ് ഉണ്ടായിട്ടുള്ളത്. വ്യക്തമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുക്കുക.

പാർട്ടിയുടെ പോക്ക് എങ്ങനെ ആയിരിക്കണമെന്നതിനെക്കുറിച്ച് ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ബോധ്യപ്പെട്ട് പൊതുവികാരം മനസിലാക്കി തീരുമാനം എടുക്കുകയായിരുന്നു. കഴിഞ്ഞ കാൽ നൂറ്റാണ്ടായി എറണാകുളം ജില്ലയിൽ നിന്നുള്ള ജനപ്രതിനിധിയായ അദ്ദേഹം നിയമസഭയെക്കുറിച്ച് പകർന്നു നൽകിയിട്ടുള്ള അറിവും ഊർജവും താനുൾപ്പടെയുള്ള തലമുറയ്ക്ക് വലിയ മുതൽക്കൂട്ടായിരുന്നെന്നും ഹൈബി പറഞ്ഞു.