ചെന്നൈ: നടൻ വിജയ് സേതുപതിക്കെതിരെ വിവാദ പ്രസ്താവനയുമായി വലതുപക്ഷ സംഘടനയായ ഹിന്ദു മക്കൾ കക്ഷി. തേവർ സമുദായ നേതാവിനെ അപമാനിച്ചെന്ന് ആരോപിച്ചാണ് വിവാദ പ്രസ്താവനയുമായി സംഘടനാ നേതാവ് രംഗത്തുവന്നത്. വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് 1001 രൂപ നൽകുമെന്നാണ് ഹിന്ദു മക്കൾ കക്ഷി പാരിതോഷികമായി പ്രഖ്യപിച്ചിരിക്കുന്നത്.

സംഘടനയുടെ അധ്യക്ഷൻ അർജുൻ സമ്പത്ത് ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.തേവർ സമുദായ നേതാവ് മുത്തു രാമലിംഗ തേവരെയും രാജ്യത്തെയും അപമാനിച്ചെന്ന് ആരോപിച്ചാണ് ഹിന്ദു മക്കൾ കക്ഷി വിജയ് സേതുപതിക്കെതിരെ രംഗത്തെത്തിയത്. പാരിതോഷിക പ്രഖ്യാപനം ശരിയാണെന്ന് ഇന്ത്യ ടുഡെക്ക് നൽകിയ അഭിമുഖത്തിൽ അർജുൻ സമ്പത്ത് സ്ഥിരീകരിക്കുകയും ചെയ്തു. ശിവഗംഗയിലെ തേവർ അയ്യ അനുസ്മരണ ചടങ്ങിൽ നിന്ന് വിട്ടുനിന്ന വിജയ് സേതുപതി, തേവർ അയ്യ വലിയ നേതാവല്ലെന്നും പ്രതികരിച്ചിരുന്നു. ഇതാണ് സംഘടനയെ പ്രകോപിപ്പിച്ചത്.

അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ ബംഗളൂരു വിമാനത്താവളത്തിലെത്തിയ വിജയ് സേതുപതിയെ പിന്നിൽ നിന്ന് ചവിട്ടിവീഴ്‌ത്താൻ ശ്രമം നടന്നിരുന്നു. വിമാനത്താവളത്തിന് പുറത്തേക്ക് വിജയ് സേതുപതി നടന്ന് വരുമ്പോൾ പുറകിലൂടെ ഓടിയെത്തിയ ആൾ പിന്നിൽ നിന്ന് ചവിട്ടുകയായിരുന്നു.

മദ്യലഹരിയിലായിരുന്ന ഇയാൾ താരത്തെ പിന്നിലൂടെയെത്തി ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ ബംഗളൂരുവിൽ സ്ഥിരതാമസക്കാരനായ ജോൺസനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അക്രമിയെ വിമാനത്താവളത്തിലെ സുരക്ഷാസേനയും വിജയ് സേതുപതിയുടെ ടീമിലെ അംഗങ്ങളും പേർന്ന് കീഴടക്കുകയായിരുന്നു. ആക്രമണത്തിൽ വിജയ് സേതുപതിക്കൊപ്പം ഉണ്ടായിരുന്ന നടൻ മഹാഗന്ധിക്ക് പരിക്കേറ്റിരുന്നു. സംഭവം വിജയ് സേതുപതിയുടെ ആരാധകരിൽ വലിയ പ്രതിഷേധത്തിനും വഴി തെളിച്ചിരുന്നു.