ഭോപാൽ: മധ്യപ്രദേശിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം സംസ്ഥാന സർക്കാർ മറച്ചു വയ്ക്കുന്നതായി ആരോപണം. നേരത്തെ 5 മുതൽ 10 വരെ മൃതദേഹങ്ങൾ ദഹിപ്പിച്ചിരുന്ന ഭോപാലിലെ ശ്മശാനങ്ങളിൽ 40 ലേറെ മൃതദേഹങ്ങളാണ് ദിനംപ്രതി ദഹിപ്പിക്കുന്നത്.

ഭോപാലിലെ ശ്മശാനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ദഹിപ്പിക്കുന്ന മൃതശരീരങ്ങളുടെ എണ്ണം ഔദ്യോഗിക കണക്കുകളിൽ കാണിക്കുന്നതിനേക്കാൾ വളരെ കൂടുതലാണെന്നു ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് രോഗികളെന്നു സംശയിക്കുന്നവരുടെ മൃതദേഹങ്ങളാണ് ഇതെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ പ്രതിപക്ഷം വിഷയം ഏറ്റെടുത്തതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

കോവിഡ് നിയന്ത്രണാതീതമായി പടരുന്നതോടെ മധ്യപ്രദേശിൽ കനത്ത നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. മരണസംഖ്യ പെട്ടെന്ന് ഉയർന്നതോടെ ഫ്രീസറുകൾ ഒഴിവില്ലാതായി. ഭോപാലിലുള്ള ദഡ്ബാഡ പൊതു ശ്മശാനത്തിൽ മൃതദേഹങ്ങൾ വരിവരിയായി ദഹിപ്പിക്കുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ദഡ്ബാഡ ശ്മശാനത്തിനു മുൻപിലെ റോഡിൽ ആംബുലൻസുകൾ വരിവരിയായി നിൽക്കുന്ന കാഴ്ചയും സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഭോപാലിലെ ശ്മശാനത്തിൽ മണിക്കൂറുകൾ കാത്തുനിന്നാലും അന്ത്യകർമങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നു ആളുകൾ പരാതിപ്പെടുന്നു. എന്നാൽ കോവിഡ് കണക്കുകളിൽ യാതൊരു തിരിമറിയും നടത്തിയിട്ടില്ലെന്നും അപ്രകാരം ചെയ്യുന്നതു കൊണ്ട് യാതൊരു ബഹുമതിയും സർക്കാരിനെ തേടിവരില്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറയുന്നു.

മധ്യപ്രദേശ് സർക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞ ഏപ്രിൽ 8ന് സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ 27 എണ്ണം മാത്രമാണ്. എന്നാൽ ഭോപാലിലെ ശ്മശാനങ്ങളിൽ മാത്രം 41 മൃതശരീരങ്ങളാണ് അന്നേ ദിവസം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദഹിപ്പിച്ചത്.

ഏപ്രിൽ ഒൻപതിന് ഭോപാലിൽ മാത്രം 35 മൃതശരീരങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദഹിപ്പിച്ചപ്പോൾ ഔദ്യോഗിക കോവിഡ് മരണങ്ങളുടെ എണ്ണം 23 മാത്രമായിരുന്നു. ഏപ്രിൽ പത്തിന് 56 മൃതദേഹങ്ങളും ഏപ്രിൽ പതിനൊന്നിന് 68 മൃതദേഹങ്ങളും ഭോപാലിലെ ശ്മശാനങ്ങളിൽ മാത്രം ദഹിപ്പിച്ചപ്പോൾ ഈ രണ്ടു ദിവസങ്ങളിലെയും മരണസംഖ്യ 24 എണ്ണം വീതമായിരുന്നു. ഏപ്രിൽ 12ന് 59 മൃതദേഹങ്ങൾ ദഹിപ്പിച്ചപ്പോൾ ഔദ്യോഗിക കണക്കു പ്രകാരം 37 പേർ മാത്രമാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചത്.

 

1984ലെ ഭോപാൽ വിഷവാതക ദുരന്തത്തിനു ശേഷം മൃതദേഹങ്ങൾ കുന്നുകൂടുന്ന അസാധാരണ കാഴ്ച ആദ്യമാണെന്നു പ്രദേശവാസികൾ പറയുന്നു. ചൊവ്വാഴ്ച സഹോദരന്റെ മൃതസംസ്‌കാരം നിർവഹിക്കാനായി ഭോപാലിലെ ശ്മശാനത്തിൽ എത്തിയതായിരുന്നു 54കാരനായ ബി.എൻ. പാണ്ഡ്യ. ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിഷവാതക ദുരന്തം ഉണ്ടാകുന്നത്. രാജ്യം ഞെട്ടിയ സമാനതകളില്ലാത്ത ദുരന്തത്തെ ഓർമ്മിപ്പിക്കുന്ന കാഴ്ചകളാണ് എങ്ങും. ഇന്നു തന്നെ 35 ഓളം മൃതദേഹങ്ങൾ ഞാൻ കണ്ടു കഴിഞ്ഞു ബി.എൻ. പാണ്ഡ്യ പറയുന്നു.

സാഞ്ചിയിലെ സർക്കാർ സിവിൽ ആശുപത്രിയിൽ ആരോഗ്യ വിദഗ്ധരുടെ ദൗർലഭ്യം മൂലം കോവിഡ് സാംപിളുകൾ ശേഖരിക്കുന്നതിനായി പൂന്തോട്ടക്കാരനെ ഏർപ്പെടുത്തിയ നടപടി വിവാദത്തിലായിരുന്നു. ആരോഗ്യമന്ത്രി പ്രഭുറാം ചൗധരിയുടെ മണ്ഡലത്തിലുള്ള ആശുപത്രിയിലാണ് തോട്ടക്കാരൻ കോവിഡ് സാംപിളുകൾ ശേഖരിച്ചത്. കോവിഡ് വാക്‌സീൻ കുത്തിവയ്പ് നൽകുന്നതിനായി വേണ്ടത്ര പരീശീലനം സിദ്ദിഖാത്ത നഴ്‌സിങ് വിദ്യാർത്ഥികളെ നിയോഗിച്ചതും വിവാദമായിരുന്നു.