തിരുവനന്തപുരം : മാധ്യമപ്രവർത്തകയോട് വാട്സാപ്പിൽ അപമര്യാദയായി പ്രതികരിച്ച കെഎസ്ഐഎൻസി മാനേജിങ് ഡയറക്ടറും ഐഎഎസ് ഉദ്യോഗസ്ഥനുമായ എൻ പ്രശാന്തിനെതിരെ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്. ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിനാണ് അന്വേഷണ ചുമതല. ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയിരിക്കുന്നത്

ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രശാന്ത് പരിഹാര രൂപേണ വാട്സാപ്പ് സ്റ്റിക്കറുകൾ മാത്രം ഉൾപ്പെടുത്തി നൽകിയ മറുപടികളാണ് മാധ്യമപ്രവർത്തകയെ ഞെട്ടിച്ചത്. അപമര്യാദയായി അയച്ച സന്ദേശങ്ങളെപ്പറ്റി പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ വാർത്ത ചോർത്തിയെടുക്കാനുള്ള വേല വേണ്ടെന്നായിരുന്നു എൻ പ്രശാന്ത് ഐഎഎസിന്റെ മറുപടി.

പ്രശാന്തിന്റെ പ്രതികരണം സംബന്ധിച്ച് മാധ്യമപ്രവർത്തക നൽകിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പരാതി ഗൗരവമുള്ളതാണെന്നും വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.

ആഴക്കടൽ മത്സ്യ ബന്ധന വിവാദത്തിൽ എൻ പ്രശാന്ത് ഒപ്പിട്ട ധാരണാപത്രം റദ്ദാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടതിന് പിന്നാലെ പ്രതികരണം ചോദിക്കാനാണ് മാതൃഭൂമി ദിനപത്രത്തിലെ മാധ്യമപ്രവർത്തക ഫെബ്രുവരിയിൽ പ്രശാന്തിനെ ബന്ധപ്പെടാൻ ശ്രമിച്ചത്. മാന്യമായി താൻ അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങൾക്ക് പ്രശാന്ത് അപമര്യാദയായി മറുപടി നൽകിയതിന്റെ സ്‌ക്രീൻ ഷോട്ടുകളടക്കം മാധ്യമപ്രവർത്തക പുറത്തുവിടുകയും ഇക്കാര്യം വ്യക്തമാക്കി മാതൃഭൂമി വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു.

ഒരു വാർത്തയുടെ ആവശ്യത്തിന് വേണ്ടിയാണ് താൻ ബന്ധപ്പെടാൻ ശ്രമിക്കുന്നതെന്നും ഇപ്പോൾ സംസാരിക്കാൻ സാധിക്കുമോ എന്നുമുള്ള മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് സിനിമാ നടൻ സുനിൽ സുഖദയുടെ ചിത്രമായിരുന്നു പ്രശാന്തിന്റെ മറുപടി. തുടർന്ന് താങ്കളെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രതികരണമറിയാൻ വേണ്ടി മാത്രമാണെന്നും മാധ്യമ പ്രവർത്തക വിശദീകരിക്കുന്നുണ്ട്. ഇതിന് ലൈംഗിക ചുവയോടുകൂടിയ ചിത്രവും പരിഹാസവുമായിരുന്നു പ്രശാന്ത് തിരിച്ചയച്ചത്.

ഇതിൽ പ്രകോപിതയായ മാധ്യമപ്രവർത്തക എന്തുതരത്തിലുള്ള മറുപടിയാണിത് എന്ന് ചോദിച്ചപ്പോൾ മറ്റൊരു നടിയുടെ ചിത്രം പ്രശാന്ത് അയച്ചു. ഇത്തരം തരംതാഴ്ന്ന പ്രതികരണം ഉത്തരവാദിത്തപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനിൽനിന്നും പ്രതീക്ഷിച്ചില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് അധികാരികളോട് പരാതിപ്പെടുമെന്നും മാധ്യമപ്രവർത്തക പ്രശാന്തിനോട് പറഞ്ഞു. ഇനി പ്രതികരണം ആവശ്യമില്ലെന്നും സ്ത്രീകളോട് പെരുമാറേണ്ടത് എങ്ങനെയാണെന്നാണ് താങ്കൾ ആദ്യം പഠിക്കേണ്ടതെന്നും മാധ്യമപ്രവർത്തക പറഞ്ഞു. ഇതിനോട്, വാർത്ത ചോർത്തിയെടുക്കുന്ന രീതി കൊള്ളാം എന്നായിരുന്നു പ്രശാന്തിന്റെ മറുപടി.

മാധ്യമപ്രവർത്തകരെ തോട്ടിപ്പണിയെടുക്കുന്നവരുമായി താരതമ്യം ചെയ്യുന്നതിൽ അത്ഭുതപ്പെടാനുമില്ലെന്നും പ്രശാന്ത് പറയുന്നു.വാട്സ് ആപ്പ് ചാറ്റിന്റെ പേരിൽ വിവാദം മുറുകിയപ്പോൾ സംഭവത്തിൽ വിശദീകരണവുമായി ഭാര്യ ലക്ഷ്മി പ്രശാന്ത് എത്തിയിരുന്നു. പ്രശാന്തല്ല, താനാണ് പ്രശാന്തിന്റെ മൊബൈൽ ഫോണിൽനിന്ന് മാധ്യമ പ്രവർത്തകയ്ക്ക് മറുപടി നൽകിയത് എന്നായിരുന്നു ലക്ഷ്മിയുടെ വിശദീകരണം.

പ്രശാന്ത് ഊണ് കഴിക്കുമ്പോൾ തന്റെ കയ്യിലായിരുന്ന ഫോണിലേക്ക് വന്ന ചാറ്റിന് മറുപടി ഇട്ടത് താനാണെന്നും അവർ വ്യക്തമാക്കി. മാധ്യമ പ്രവർത്തക വിഡിയോ കോളിനു ശ്രമിച്ചെന്നും വിമർശനമുണ്ട്. പത്രത്തിൽ അച്ചടിച്ചു വന്ന സ്‌ക്രീൻഷോട്ടിൽ മാധ്യമ പ്രവർത്തക വിഡിയോ കോൾ വിളിച്ചത് എഡിറ്റ് ചെയ്തു മാറ്റിയെന്നും ലക്ഷ്മി ആരോപിച്ചു.

ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ തന്നെ കെഎസ്‌ഐഎൻസിക്കെതിരെ വിമർശനങ്ങൾ ശക്തിമായിരുന്നു. ഇതിനെ ന്യായീകരിക്കുന്നതിനായിരുന്നു എംഡി എൻ.പ്രശാന്ത് തുടക്കം മുതൽ ശ്രമിച്ചിരുന്നത്. മത്സ്യ മേഖലയിലെ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐയുടെ കണ്ടെത്തലിന്റെയും ഉപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് മത്സ്യ ബന്ധന കരാർ നീക്കമെന്നായിരുന്നു വാദം.