തൃശ്ശൂർ: ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി നേതാവ്. ഹിന്ദു ഐക്യവേദി തൃശൂർ ജില്ല ജനറൽ സെക്രട്ടറി കേശവദാസാണ് ​ഗോപാലകൃഷ്ണൻ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നു എന്ന് കാട്ടി സൈബർ സെല്ലിൽ പരാതി നൽകിയത്. കുട്ടൻകുളങ്ങരയിൽ തോറ്റത് താൻ കാരണമെന്ന് ഗോപാലകൃഷ്ണനും കൂട്ടരും സമുഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതായും ഇത് മാനഹാനി ഉണ്ടാക്കുന്നതായും കാണിച്ചാണ് കേശവദാസ് പരാതി നൽകിയിരിക്കുന്നത്.

കേശവദാസിന്റെ ഭാര്യാമാതാവ് ലളിതാംബികയെ മാറ്റിയാണ് ഗോപാലകൃഷ്ണനെ കുട്ടൻകുളങ്ങരയിൽ മത്സരിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ച് ലളിതാംബിക ബിജെപിയിൽ നിന്ന് രാജി വെച്ചിരുന്നു. ജയിച്ച യു ഡി എഫ് സ്ഥാനാർത്ഥി സുരേഷിനൊപ്പം കേശവദാസും കുടുംബവും കേക്ക് മുറിക്കുന്ന ഫോട്ടോയാണ് ​ഗോപാലകൃഷ്ണൻ പ്രചരിപ്പിച്ചത്. തന്റെ കുടുംബം കാരണമാണ് തോറ്റതെന്ന് പ്രചരിപ്പിക്കാൻ ഫോട്ടോ ദുരുപയോ​ഗം ചെയ്യുകയാണെന്നാണ് കേശവദാസ് നൽകിയ പരാതിയിൽ പറയുന്നത്.

ബിജെപി കോട്ടയായ കുട്ടൻകുളങ്ങര ഡിവിഷനിൽനിന്നാണ് ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്. യുഡിഎഫ് സ്ഥാനാർത്ഥി എ.കെ സുരേഷ് ആണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകൾക്കാണ് ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത്. 2015-ൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ഐ ലളിതാംബിക വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ഇവിടെ ബിജെപിക്ക് വോട്ട് വർദ്ധിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ ഡിവിഷനിൽ ഇടതുപക്ഷം മൂന്നാം സ്ഥാനത്തായിരുന്നു.