ചെന്നൈ: നടൻ വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് 1,001 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമക്കൾ കക്ഷി. സ്വാതന്ത്ര്യ സമര സേനാനി മുത്തുരാമ ലിംഗ തേവരെ അപമാനിച്ചെന്ന് ആരോപിച്ചാണ് ഹിന്ദു മക്കൾ കക്ഷി നടനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഒരു ചവിട്ടിന് 1,001 രൂപ നൽകുമെന്ന് ഹിന്ദു മക്കൾ കക്ഷി അർജുൻ സമ്പത്ത് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ബംഗളൂരു എയർപോർട്ടിൽ വച്ച് നടന്നുപോവുകയായിരുന്ന വിജയ് സേതുപതിയെ പിന്നിൽ നിന്ന് ഒരാൾ ചവിട്ടിയിരുന്നു. അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത് വീണ്ടും രംഗത്തെത്തിയത്.

വിമാനത്താവളത്തിൽ വെച്ച് നടനെ ആക്രമിക്കാൻ ശ്രമിച്ച മഹാഗാന്ധി എന്നയാളുമായി സംസാരിച്ചെന്നും സംഭവത്തിന്റെ തുടർച്ചയായാണ് പാരിതോഷികം പ്രഖ്യാപിക്കുന്നതെന്നുമാണ് ട്വീറ്റിൽ പറയുന്നത്. മുത്തുരാമലിംഗ പൂജയ്ക്ക് വിജയ് സേതുപതിയെ ക്ഷണിച്ചെന്നും എന്നാൽ തനിക്ക് ജീസസ് മാത്രമേ ദൈവമായുള്ളൂ എന്നുമുള്ള നടന്റെ മറുപടിയിൽ മാപ്പ് പറയണമെന്നാണ് ഹിന്ദു മക്കൾ കക്ഷിയുടെ ആവശ്യം.