തിരുവനന്തപുരം: ഇടത് സഹയാത്രികനായിരുന്നെങ്കിലും കുട്ടിക്കാലത്ത് പഠിച്ച വേദങ്ങളും ഉപനിഷത്തുക്കളും ഒന്നും ഉപേക്ഷിച്ചിരുന്നില്ല പി.വി.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. കോറോം പുല്ലേരി വാധ്യാർ ഇല്ലത്തിന് പയ്യന്നൂർ മേഖലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ചേർന്ന് പ്രവർത്തിച്ച പാരമ്പര്യമാണുള്ളത്. അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ചേട്ടൻ, അഭിഭാഷകനായിരുന്ന കേശവൻ നമ്പൂതിരി. കണ്ണൂർ, കാസർകോട് ജില്ലകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് നേതൃത്വം കൊടുത്തവരിൽ ഒരാളായിരുന്നു.

എ കെ ഗോപാലൻ, വിഷ്ണു ഭാരതീയൻ, കേരളീയൻ, എ വി കുഞ്ഞമ്പു, ഇ വി കുഞ്ഞമ്പു, സി എച്ച് കണാരൻ, സുബ്രഹ്മണ്യം ഷേണായി, സുബ്രഹ്മണ്യം തിരുമുൻപ്, ഇ കെ നായനാർ, അഴീക്കോടൻ രാഘവൻ തുടങ്ങിയവരൊക്കെ കേശവൻ നമ്പൂതിരിയോടൊപ്പം ഇല്ലത്ത് വന്നിട്ടുണ്ട്. എ കെ ജി അടക്കമുള്ള പല നേതാക്കളും ഇവിടെ ഒളിവിൽ താമസിച്ചിട്ടുമുണ്ട്.

എ കെ ജിയുമായി വളരെയധികം അടുപ്പമുണ്ടായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക്. എന്തു വേണമെങ്കിലും ചെയ്തു തരുന്ന ബന്ധമായിരുന്നു എ കെ ഗോപാലനുമായിട്ടുണ്ടായിരുന്നത് എന്നാണ് ഒരിക്കൽ അദ്ദേഹം ഓർമിച്ചത്. എ കെ ജി അയച്ച കത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നിധിപോലെ സൂക്ഷിച്ചുവെച്ചു. കോഴിക്കോട് ചാലപ്പുറത്ത് നിന്ന് എ കെ ജി അയച്ച 'My Dear Unni' എന്നു തുടങ്ങുന്ന കത്തിനെ കുറിച്ച് ആവേശത്തോടെയും അഭിമാനത്തോടെയും ഓർക്കാറുണ്ടായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി.

കമ്മ്യൂണിസ്റ്റുകാരനാണെങ്കിലും താൻ ഒരു ഈശ്വര വിശ്വാസിയാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഒരുപാട് ശ്ലോകങ്ങൾ തനിക്കു ബൈഹാർട്ടാണെന്നും. യോഗയും ചിട്ടയോടെയുള്ള ജീവിതചര്യയും പിന്തുടർന്നു. ഒരു മണിക്കൂറൊക്കെ വേണമെങ്കിൽ താൻ പത്മാസനത്തിൽ ഇരിക്കുമെന്നും സൂര്യ നമസ്‌കാരം ഒക്കെ വൃത്തിയിൽ ചെയ്യുമെന്നും പറയും. ഷുഗറോ പ്രഷറോ മറ്റ് ജീവിതശൈലി രോഗങ്ങളോ ഉണ്ടായിരുന്നില്ല. വയസ്സായ സൂക്കേടെ ഉള്ളൂവെന്നും പറഞ്ഞിരുന്നു.

സിനിമയുമായുള്ള ഏക ബന്ധം മകളുടെ ഭർത്താവ് കൈതപ്രം ദാമോദരൻ നമ്പൂതിരി സിനിമ ഗാന രചയിതാവ് ആണെന്നത് മാത്രമായിരുന്നു. എന്നാൽ അസാമാന്യ അഭിനയ മികവ് കൊണ്ട് സംവിധായകനെ പോലും ഞെട്ടിച്ചുകളഞ്ഞു ഈ മുത്തശ്ശൻ അന്ന്. പിന്നീടങ്ങോട്ട് മമ്മൂട്ടി, മോഹൻലാൽ, കമൽഹസൻ, രജനീകാന്ത് തുടങ്ങിയ തെന്നിന്ത്യൻ താരങ്ങളോടൊപ്പം അഭിനയിച്ച് താരങ്ങളുടെ കൂട്ടത്തിലെ സൂപ്പർ താരമായി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മാറി. മാത്രമല്ല ലോക സുന്ദരി ഐശ്വര്യ റായിയുടെ മുത്തച്ഛനായിട്ടും അഭിനയിച്ചു ഈ മുത്തശ്ശൻ. എണ്ണിപ്പറയാവുന്ന സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അഭിനയിച്ച ഓരോ സിനിമകളിലും കഥാപാത്രമായി ജീവിക്കുക തന്നെയായിരുന്നു

ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ വേർപാടിൽ അനുശോചിച്ച് മന്ത്രി ഇ.പി.ജയരാജൻ എഴുതിയ കുറിപ്പ് കൂടി വായിക്കാം

നടൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ വിയോഗവാർത്ത വലിയ വേദനയുണ്ടാക്കുന്നതാണ്. ഏറെ നാളായി വളരെ നല്ല അടുപ്പമാണ് അദ്ദേഹവുമായും കുടുംബവുമായും ഉണ്ടായിരുന്നത്. സഹോദരതുല്യമായ സ്‌നേഹമാണ് പരസ്പരം വച്ചുപുലർത്തിയത്. അവസരം കിട്ടുമ്പോഴെല്ലാം നേരിട്ട് കാണാറുണ്ടായിരുന്നു. അടുത്തിടെയും ഫോണിൽ സംസാരിച്ച് കുശലാന്വേഷണങ്ങൾ നടത്തുകയും പരസ്പരം സ്നേഹം പങ്കുവെക്കുകയും ചെയ്തിരുന്നു. സിനിമയിലെ മുത്തച്ഛനായി കേരളം അറിഞ്ഞ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി കറകളഞ്ഞ കമ്യൂണിസ്റ്റാണ്.

ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന പുല്ലേരി വാധ്യാരില്ലം കമ്യൂണിസ്റ്റ് നേതാക്കളുടെ ഒളിത്താവളമായിരുന്നു. എ കെ ജി അയച്ച കത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നിധിപോലെ സൂക്ഷിച്ചുവെച്ചു. പാർട്ടി പ്രവർത്തകരോട് എന്നും വലിയ സ്നേഹമായിരുന്നു.
76ാം വയസിൽ ജയരാജിന്റെ ദേശാടനത്തിൽ മുത്തച്ഛനായി വേഷമിട്ട ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി സിനിമകളിൽ മലയാളികളുടെ മുത്തച്ഛന്റെ പ്രതിരൂപമായി. മലയാളികളുടെ മനസ്സിൽ ആ മുഖം മായാതെ നിൽക്കും. സാംസ്‌കാരിക സാമൂഹ്യ മേഖലയ്ക്കാകെ കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികള്