കണ്ണൂർ: ദേശീയ ഗുണനിലവാര അംഗീകാര പട്ടികയിൽ അഭിമാന നേട്ടവുമായി കണ്ണൂർ. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്) അംഗീകാരം ജില്ലയിലെ രണ്ട് ആശുപത്രികൾ കൂടി കരസ്ഥമാക്കി. 93.34 ശതമാനം പോയിന്റോടെ പാനൂർ നഗര പ്രാഥമികാരോഗ്യ കേന്ദ്രം, 87.6 ശതമാനം പോയിന്റോടെ ന്യൂമാഹി കുടുംബാരോഗ്യ കേന്ദ്രം എന്നീ ആശുപത്രികളാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയത്.

ഏപ്രിൽ 13, 17 തീയതികളിലായിരുന്നു പരിശോധന. ഇതോടെ ജില്ലയിൽ ഈ അംഗീകാരം നേടിയ സ്ഥാപനങ്ങളുടെ എണ്ണം ഇരുപത്തഞ്ചായി. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ച ഏക ജില്ലയാണ് കണ്ണൂർ. സംസ്ഥാനത്താകെ 11 സ്ഥാപനങ്ങൾക്കാണ് ഇക്കുറി ദേശീയ അംഗീകാരം ലഭിച്ചത്. നേരത്തെ ജില്ലയിലെ 23 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ് ലഭിച്ചിരുന്നു.

ദേശീയ ആരോഗ്യ പരിപാടി, ജനറൽ അഡ്‌മിനിസ്ട്രേഷൻ, ഒ.പി ലാബ് എന്നീ വിഭാഗങ്ങളിലായി രോഗികൾക്കുള്ള മികച്ച സേവനങ്ങൾ, ഭൗതിക സാഹചര്യം, ജീവനക്കാരുടെ കാര്യക്ഷമത, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കൽ സേവനങ്ങൾ, രോഗീ സൗഹൃദം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, മാതൃ-ശിശു ആരോഗ്യം, ജീവിതശൈലീ രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി 3500 പോയിന്റുകൾ വിലയിരുത്തിയാണ് ദേശീയ ഗുണമേന്മ അംഗീകാരം നൽകുന്നത്.