തിരുവനന്തപുരം: കെട്ടിട നിർമ്മാണം ആരംഭിച്ച ശേഷം ചട്ടലംഘനമുണ്ടായാൽ വൻ നൂലാമാലകളിലേക്ക് നീങ്ങാതെ പ്രശ്‌നം പരിഹരിക്കാൻ അവസരം ഒരുങ്ങുന്നു. കെട്ടിട നിർമ്മാണം ആരംഭിച്ച ശേഷം ചട്ടലംഘനമുണ്ടായാൽ പണി നിർത്തി വയ്‌പ്പിച്ച്, ലംഘനം ഒഴിവാക്കിയ ശേഷം പുതുക്കിയ സ്വയം സാക്ഷ്യപത്ര പ്രകാരം പെർമിറ്റ് നൽകി നിർമ്മാണം പുനരാരംഭിക്കണമെന്നു തദ്ദേശ വകുപ്പിന്റെ സർക്കുലർ. ഇതു പാലിച്ചില്ലെങ്കിൽ തദ്ദേശ സെക്രട്ടറി പെർമിറ്റ് റദ്ദാക്കി തുടർനടപടിയെടുക്കും. പുതിയ തീരുമാനം ചെറുകിട കെട്ടിടങ്ങൾ പണിയുന്നവരെ സംബന്ധിച്ചിടത്തോളം എളുപ്പമാർഗ്ഗമാണ്.

സ്വയം സാക്ഷ്യപത്രം ഉപയോഗിച്ച് കെട്ടിട നിർമ്മാണത്തിനുള്ള അനുമതി ലഭിക്കുന്ന ചട്ടങ്ങളെക്കുറിച്ച് ജൂൺ 28ന് ഇറക്കിയ ഉത്തരവിൽ വ്യക്തത വരുത്തിയാണ് തദ്ദേശ വകുപ്പ് സർക്കുലർ പുറത്തിറക്കിയത്. സ്വയം സാക്ഷ്യപത്രം ഉപയോഗിക്കാവുന്നത് മതസംഘടന കെട്ടിടങ്ങൾ ഉൾപ്പെടെ 7 വിഭാഗങ്ങൾക്കു മാത്രമാണെന്നും സർക്കുലറിൽ പറയുന്നു.

ലോ റിസ്‌ക് ഗണത്തിൽപ്പെടുന്നവർക്കാണ് സ്വയം സാക്ഷ്യപ്പെടുത്താൻ അവസരം ഒരുങ്ങുന്നത്. 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ളതും 7 മീറ്ററിൽ കൂടാതെ ഉയരമുള്ളതും ഇരുനിലയിൽ പരിമിതപ്പെടുത്തിയിട്ടുള്ളതുമായ ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, വൃദ്ധ സദനങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ളതും ഹാനികരമല്ലാത്തതുമായ വ്യാവസായിക കെട്ടിടങ്ങൾ എന്നിവയ്ക്കാണ് പ്രധാനമായും സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അനുമതി ലഭ്യമാക്കാൻ വ്യവസ്ഥ .

ലോ റിസ്‌ക് ഗണത്തിൽപ്പെട്ട കെട്ടിട നിർമ്മാണത്തിനായി എംപാനൽഡ് ലൈസൻസികളാണ് നിശ്ചിത ഫീസ് അടച്ച് തദ്ദേശ സ്ഥാപനങ്ങളിൽ പ്ലാനുകൾ ഉൾപ്പെടെ നൽകേണ്ടത്. അപേക്ഷയ്ക്ക് തദ്ദേശ സെക്രട്ടറി അനുവാദം നൽകുന്നതോടെ നിർമ്മാണത്തിന് പെർമിറ്റ് ലഭിക്കും. ഇതിനു ശേഷം സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിട നിർമ്മാണ പെർമിറ്റിൽ, അപേക്ഷകൻ തന്നെ രേഖപ്പെടുത്തിയ തീയതിയിൽ നിർമ്മാണം ആരംഭിക്കാം.

തദ്ദേശ സ്വയംഭരണ വകുപ്പു പുറപ്പടെുവിച്ച മുഖ്യ നിർദേശങ്ങൾ ഇങ്ങനെയാണ്:

- സ്വയം സാക്ഷ്യപ്പെടുത്തിയ പെർമിറ്റ് പ്രകാരമുള്ള പ്ലാനിൽ ചട്ടലംഘനം കണ്ടെത്തിയാൽ ഉടമസ്ഥൻ തിരുത്തി നൽകണം. തിരുത്തിയ പ്ലാനിന് റിവൈസ്ഡ് സെൽഫ് സർട്ടിഫൈഡ് ബിൽഡിങ് പെർമിറ്റ് വാങ്ങണം.

- കെട്ടിട നിർമ്മാണ ചട്ട പ്രകാരം ഏതെങ്കിലും വകുപ്പുകളുടെ/ഏജൻസികളുടെ എതിർപ്പില്ലാ രേഖ ആവശ്യമുണ്ടെങ്കിൽ അതു സ്വയം സാക്ഷ്യപ്പെടുത്തിയുള്ള അനുമതിക്കുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കണം.

- പ്ലിന്ത് ലെവൽ വരെ നിർമ്മാണം പൂർത്തിയാകുമ്പോൾ പൂർത്തീകരണ സർട്ടിഫിക്കറ്റ് തദ്ദേശ സെക്രട്ടറിക്ക് നിർബന്ധമായും നൽകണം. ഭൂമി ഖനനത്തിന് സെക്രട്ടറിയുടെ അനുമതി ആവശ്യമായ നിർമ്മാണം സ്വയം സാക്ഷ്യപത്ര പരിധിയിൽപ്പെടില്ല.

- ലോ റിസ്‌ക് കെട്ടിടത്തിന് സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിട നിർമ്മാണ അനുമതിയില്ലാതെ സാധാരണ രീതിയിൽ അപേക്ഷിക്കാം.

- പെർമിറ്റ് ലഭിച്ച ശേഷം, കെട്ടിട നിർമ്മാണം ആരംഭിക്കാൻ രേഖപ്പെടുത്തിയ തീയതിയിലോ, അതിനു ശേഷമോ മാത്രമേ നിർമ്മാണം തുടങ്ങാൻ പാടുള്ളൂ.

- എംപാനൽഡ് ലൈസൻസ് റജിസ്‌ട്രേഷനും എംപാനൽഡ് ലൈസൻസിക്കും 4 വർഷമാണ് കാലാവധി.