ചെർപ്പുളശേരി: ആദ്യമായിട്ടാണ് പ്രജോഷ് ഇങ്ങനെ ഒരു സാഹചര്യത്തെ നേരിടുന്നത്. എന്നാൽ, ഒട്ടും പതറാതെ, കണ്ണുപോലും ചിമ്മാതെ ഞൊടിയിടയിൽ പ്രവർത്തിച്ചതുകൊണ്ട് രക്ഷിക്കാൻ കഴിഞ്ഞത് രണ്ടര വയസുകാരന്റെ ജീവൻ. പാലക്കാട് ചെർപ്പുളശേരിയിൽ അമ്മ കെട്ടിത്തൂക്കിയ രണ്ടര വയസുകാരൻ ഇന്ന് ജീവിച്ചിരിക്കുന്നത് കല്ലേക്കാട് എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ പ്രജോഷിന്റെ തക്ക സമയത്തെ ഇടപെടൽ കൊണ്ടുമാത്രം. മുണ്ടൂർ ഔട്ട്‌പോസ്റ്റിലാണ് പ്രജോഷിന് ജോലി.

തിങ്കളാഴ്ച കുറ്റാനശ്ശേരിയിലെ ഭാര്യവീട്ടിൽ ഇളയകുട്ടിയുടെ 28 കെട്ട് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പാലോട് സ്വദേശിയായ പ്രജോഷ്. ജയന്തിയുടെ വീട്ടിൽനിന്ന് ബഹളം കേട്ടയുടൻ അവിടെയെത്തിയ പ്രജോഷ് അകത്തുനിന്ന് താഴിട്ടിരുന്ന വീടിന്റെ വാതിൽ ചവിട്ടിപ്പൊളിക്കുകയായിരുന്നു. ഒരാൾപ്പൊക്കത്തിൽ സാരിയിൽ കെട്ടിത്തൂങ്ങിയാടുന്ന കുഞ്ഞിനെയും തൊട്ടടുത്ത് മറ്റൊരു സാരിയിൽ തൂങ്ങിനിൽക്കുന്ന യുവതിയെയും കണ്ട് പതറിയില്ല. സാരി മുറുകിയിരുന്നത് കുഞ്ഞിന്റെ താടിയെല്ലിലാണെന്ന തിരിച്ചറിവാണ് കുഞ്ഞിനെ താഴെയിറക്കാനും അതിവേഗം പ്രഥമശുശ്രൂഷ നൽകാനും വഴിയൊരുക്കിയത്.

കുഞ്ഞിനെ നിലത്തുകിടത്തിയശേഷമായിരുന്നു കൃത്രിമശ്വാസോച്ഛ്വാസം ഉൾപ്പെടെ പ്രഥമശ്രശ്രൂഷകൾ നൽകിയത്. മുഖത്ത് വെള്ളം തളിച്ചതോടെ കുട്ടി കൺമിഴിച്ചെന്നും താമസിയാതെ കരയാൻ തുടങ്ങിയെന്നും പ്രജോഷ് പറഞ്ഞു. എന്നാൽ, അമ്മ ജയന്തി ഇതിനോടകം മരിച്ചിരുന്നു.പ്രജോഷിന്റെ ഇളയ കുട്ടിയുടെ പിറന്നാൾവിരുന്നിൽ കുഞ്ഞുമായി അയൽവീട്ടിലെ ജയന്തിയും പങ്കെടുത്തിരുന്നു.

'അവൻ അന്ന് മുറ്റത്തൊക്കെ ഓടിക്കളിക്കുന്നത് കണ്ടതാണ്. ഞങ്ങളുടെ കൂടെയാണ് അവരും ഭക്ഷണം കഴിച്ചത്. ചടങ്ങ് കഴിഞ്ഞ് ഭാര്യവീട്ടിൽ നിന്ന് തിരിച്ചുവരാനിരിക്കെ എന്റെ മൂത്തമകൾ എന്നോടൊപ്പം വരണമെന്ന് വാശിപിടിച്ചു. അങ്ങനെ മൂന്നര വയസ്സുള്ള അവളെയും കൂട്ടി എന്റെ വീട്ടിലേക്ക് പോന്നു. വൈകിട്ട് മകളെ തിരികെ ഭാര്യ വീട്ടിൽ കൊണ്ടുവിടാനാണ് വീണ്ടും കുറ്റാനശ്ശേരിയിലേക്ക് പോയത്. അവിടെയെത്തി ചായ കുടിച്ച് വിശ്രമിക്കുന്നതിനിടെയാണ് ഈ സംഭവങ്ങളുണ്ടായത്'.

അടുത്തവീട്ടിലെ ജയന്തി വാതിൽ തുറക്കുന്നില്ലെന്ന് ഭാര്യയുടെ അമ്മയാണ് എന്നോട് വന്നുപറഞ്ഞത്. കേട്ടപാടെ ഞാൻ അവിടേക്ക് പോയി. ഏകദേശം 200 മീറ്റർ അപ്പുറത്താണ് ജയന്തിയുടെ വീട്.

അവിടെ എത്തിയപ്പോൾ ജയന്തിയുടെ ഭർതൃമാതാവ് വീടിന് ചുറ്റും നിലവിളിച്ച് കൊണ്ട് ഓടുന്നതാണ് കണ്ടത്. വീടിന്റെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. മുട്ടിവിളിച്ചിട്ടൊന്നും അനക്കമുണ്ടായില്ല. അയൽക്കാർ ജയന്തിയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ചപ്പോൾ വീടിനകത്തുനിന്ന് ഫോൺ റിങ് ചെയ്യുന്നത് കേട്ടു. ഇതിനിടെ ജയന്തിയുടെ ഭർത്താവ് ജ്യോതിഷും സ്ഥലത്തെത്തി.

ഏറെനേരമായിട്ടും വാതിൽ തുറക്കാതിരുന്നതോടെ എന്തോ പന്തികേട് തോന്നി. ഒന്നുകിൽ വല്ല തലകറക്കവും വന്ന് വീണുകിടക്കുന്നുണ്ടാകാം, അല്ലെങ്കിൽ മറ്റെന്തെങ്കിലും അത്യാഹിതം സംഭവിച്ചിട്ടുണ്ടാകുമെന്നും തോന്നി. തുടർന്ന് വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നു. ഉത്തരത്തിൽ സാരിയിൽ തൂങ്ങിനിൽക്കുന്ന ജയന്തിയെയും തൊട്ടടുത്ത് മറ്റൊരു സാരിയിൽ തൂങ്ങിനിൽക്കുന്ന രണ്ടരവയസ്സുകാരനെയുമാണ് കണ്ടത്. യുവതിയെ കണ്ടപ്പോൾ തന്നെ മരിച്ചതായി തോന്നിയിരുന്നു. എന്നാൽ കുഞ്ഞിന്റെ കണ്ണ് അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടു. ജീവനുണ്ടെന്ന് തോന്നി. അതോടെ കെട്ടഴിച്ച് കുഞ്ഞിനെ താഴെയിറക്കി കിടത്തി. കൃത്രിമശ്വാസോച്ഛ്വാസം നൽകി. മുപ്പത് സെക്കന്റ് കഴിഞ്ഞ് വീണ്ടും കൃത്രിമശ്വാസം നൽകാമെന്ന് കരുതി ഇരിക്കുന്നതിനിടെ കുഞ്ഞ് കരയാൻ തുടങ്ങി. അതോടെ എല്ലാം ഓകെയാണെന്ന് മനസിലായി. വെള്ളം വേണോയെന്ന് ചോദിച്ചപ്പോൾ വേണമെന്ന് പറയുകയും വെള്ളം വാങ്ങികുടിക്കുകയും ചെയ്തു. ഉടൻതന്നെ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.' പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് രണ്ടരവയസ്സുകാരൻ.

ജയന്തിയുടെ ഭർത്താവ് ജ്യോതിഷ്‌കുമാർ കൂലിപ്പണിക്കാരനാണ്. കുറ്റാനശ്ശേരിയിലെ ഭർതൃവീട്ടിൽ മകനും ഭർത്താവിനും അദ്ദേഹത്തിന്റെ അച്ഛനമ്മമാർക്കുമൊപ്പമായിരുന്നു മണ്ണാർക്കാട് പള്ളിക്കുറുപ്പ് സ്വദേശിനിയായ ജയന്തിയുടെ താമസം. ഭർതൃവീട്ടിൽ യുവതിക്ക് അസ്വാരസ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അയൽവാസികൾ പൊലീസിന് മൊഴി നൽകിയത്. എന്നാൽ, മകൾ ജീവനൊടുക്കാനിടയായ സാഹചര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജയന്തിയുടെ അച്ഛൻ നാരായണൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.