പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 18നാണ് പ്രീമിയർ. ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. തിയറ്ററുകളിലെത്തിയതിന്റെ 25-ാം ദിനത്തിലാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. പൃഥ്വിരാജിന്റെ മോഹൻലാൽ ചിത്രം ബ്രോ ഡാഡിക്കു ശേഷം ഡിസ്‌നി പ്ലസിൽ എത്തുന്ന മലയാള ചിത്രമാണിത്. എന്നാൽ ബ്രോ ഡാഡി ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു.

ജേക്കബിന്റെ സ്വർഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വർഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ പല പ്രധാന റിലീസുകളും മാറ്റിയപ്പോൾ പ്രഖ്യാപിച്ച റിലീസ് തീയതിയിൽ തന്നെ ചിത്രം തിയറ്ററുകളിൽ എത്തിക്കാനായിരുന്നു നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ തീരുമാനം. മികച്ച ഇനിഷ്യലും മൗത്ത് പബ്ലിസിറ്റിയും ലഭിച്ച ചിത്രത്തിന് കോവിഡ് പശ്ചാത്തലത്തിൽ ചില ജില്ലകളിൽ തിയറ്ററുകൾ അടയ്യത് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. എന്നാൽ സി കാറ്റഗറിയിൽ നിന്ന് എല്ലാ ജില്ലകളും ഒഴിവായതോടെ എല്ലാ റിലീസിങ് സെന്ററുകളിലേക്കും ചിത്രം തിരിച്ചെത്തിയിരുന്നു.

അരുൺ നീലകണ്ഠൻ എന്ന കഥാപാത്രമായി പ്രണവ് കൈയടി നേടിയ ചിത്രത്തിൽ രണ്ട് നായികമാരാണ് ഉള്ളത്. ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനും. ഹിഷാം അബ്ദുൾ വഹാബ് സംഗീതം പകർന്ന 15 ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഓഡിയോ കാസെറ്റുകളും നിർമ്മാതാക്കൾ വിപണിയിൽ എത്തിച്ചിരുന്നു.