കണ്ണൂർ: നൂറിലേറെ അന്തേവാസികൾക്ക് കോവിഡ് ബാധിച്ച പേരാവൂരിലെ കൃപാലയം അഗതി മന്ദിരത്തിന്റെ കാര്യത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. മികച്ച ചികിത്സയും സുരക്ഷയും ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം. ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും അടിയന്തിര നടപടി സ്വീകരിക്കണമെന്നും, ശേഷം ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ഉത്തരവിട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരുവിൽ അലയുന്നവർ, ആരോരും ഇല്ലാത്ത പ്രായമായവർ. മാനസീക വെല്ലുവിളി നേരിടുന്നവർ, രോഗികൾ ഇങ്ങനെ സമൂഹത്തിന്റെ കരുതൽ വേണ്ട ആളുകളെ പാർപ്പിക്കുന്ന ഇടമാണ് പേരാവൂർ തെറ്റുവഴിയിലെ കൃപാഭവനം. ഇവിടെ നൂറിലേറെ അന്തേവാസികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ അഞ്ചുപേർ മരിച്ചു. ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യമാണുള്ളതെന്നും രോഗികളുടെ അവസ്ഥ കൂടുതൽ ദയനീയമാവുകയാണെന്നുമാണ് നടത്തിപ്പുകാർ പറയുന്നത്.