മലപ്പുറം: പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി ഡി സതീശന് പിന്തുണയുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. പ്രതിപക്ഷത്തെ ശക്തിപ്പെടുത്താനുള്ള എല്ലാ സഹായവും മുസ്ലിം ലീഗ് ചെയ്യുമെന്ന് ഹൈദരലി തങ്ങൾ ഉറപ്പ് നൽകി. പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചതിനു പിന്നാലെ വിഡി സതീശൻ ഹൈദരലി തങ്ങളുമായി ഫോണിൽ സംസാരിക്കുകയായിരുന്നു.

കോൺഗ്രസിന്റേയും യുഡിഎഫിന്റേയും ഐതിഹാസികമായ തിരിച്ചുവരവാണ് ലക്ഷ്യമെന്ന് വിഡി സതീശൻ പ്രതിപക്ഷ നേതാവായി തെരഞ്ഞെുക്കപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞത്. അവിടെ ഗ്രൂപ്പുകൾക്ക് പ്രസക്തിയില്ല എന്നാൽ ഗ്രൂപ്പുകൾ പൂർണ്ണമായും ഒഴിവാക്കാൻ പറ്റില്ല, മറിച്ച് അതിപ്രസരം ഉണ്ടാവാൻ പാടില്ലെന്നും വിഡി സതീശൻ പറഞ്ഞു. വർഗീയതയെ കേരളത്തിൽ കുഴിച്ച് മൂടുകയാണ് ലക്ഷ്യമെന്നും വിഡി സതീശൻ വിശദീകരിച്ചു.

'പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന് കോൺഗ്രസിന്റേയും യുഡിഎഫിന്റേയും ഐതിഹാസിക തിരിച്ചുവരവാണ് ലക്ഷ്യം.അവിടെ ഗ്രൂപ്പുകൾക്ക് പ്രസക്തിയില്ല. ഞാനൊക്കെ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. ഗ്രൂപ്പിനധീതനാണ് എന്നൊന്നും പറയുന്നില്ല. മാറി നിന്നിട്ട് കുറേകാലം ഗ്രൂപ്പിനധീതനായി പ്രവർത്തിച്ചിട്ട് ഇനി ഇപ്പോൾ ഗ്രൂപ്പ് വേണ്ടായൊന്നും പറയാൻ പറ്റില്ല. ഗ്രൂപ്പ് ഒക്കെ മാറ്റിവെച്ച് കോൺഗ്രസിനെ ശക്തിപ്പെടുത്തുക. ഗ്രൂപ്പിന്റെ അതിപ്രസരം ഉണ്ടാവാൻ പാടില്ല. ഗ്രൂപ്പ് നമ്മുടെ സംഘടനാ പ്രവർത്തനത്തെ ബാധിക്കാൻ പാടില്ല. മെറിറ്റിനെ ബാധിക്കാൻ പാടില്ല. ജനങ്ങളെ ഭയക്കണം. അവർ നമ്മളെ നോക്കി കാണുന്നുണ്ട്. വർഗീയതയെ കേരളത്തിൽ കുഴിച്ച് മൂടകയെന്നതാണ് ലക്ഷ്യം. 2016 ൽ ഞാൻ ഉയർത്തിയ മുദ്രാവാക്യം തെരഞ്ഞെടുപ്പിൽ ജയിക്കുകയെന്നതല്ല. വർഗീയതയെ കുഴിച്ച് മൂടുകയെന്നതാണ്. കേരളത്തിൽ വർഗീതയുമായി സന്ധിയില്ലാത്ത സമരം നടത്തുകയെന്നതാണ്.' എന്നായിരുന്നു സതീശന്റെ വാക്കുകൾ