വാഷിങ്ങ്ടൺ: കോവിഷീൽഡ് വാക്‌സിനെച്ചൊല്ലി ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ ഇന്ത്യയുടെ കോവിഡ് വാക്‌സിനായി കോവിഷീൽഡിന് പ്രശംസയുമായി ഐക്യരാഷ്ട്ര സംഘടന ജനറൽ അസംബ്ലി പ്രസിഡന്റ് അബ്ദുല്ല ഷാഹിദ്.ഇന്ത്യൻ നിർമ്മിത കോവിഷീൽഡ് വാക്‌സീന്റെ രണ്ടു ഡോസുകളാണ് താൻ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.താൻ ഈ മഹാമാരിയെ അതിജീവിച്ചത് കോവിഷീൽഡ് കൊണ്ടാണെന്നും വിശ്വസിക്കുന്നുവെന്നും അദ്ദേഹം സുചിപ്പിച്ചു.

കോവിഡ് വാക്‌സീന് എന്തെങ്കിലും പ്രത്യേക അംഗീകാരമോ പരിഗണനയോ ആവശ്യമാണോ അതോ ലോകാരോഗ്യ സംഘടനയുടെ സാധൂകരണം മതിയോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വാഷിങ്ടനിൽ മാധ്യമപ്രവർത്തരുമായി നടത്തിയ സംവാദത്തിലായിരുന്നു പരാമർശം.

'വളരെ സാങ്കേതികമായ ചോദ്യമാണ് നിങ്ങൾ ചോദിച്ചത്. ഞാൻ സ്വീകരിച്ചത് ഇന്ത്യയിൽ നിർമ്മിച്ച കോവിഷീൽഡ് വാക്‌സീനാണ്. രണ്ടു ഡോസും എടുത്തു. എത്ര രാജ്യങ്ങൾ കോവിഷീൽഡിനെ അംഗീകരിക്കുന്നുവോ ഇല്ലയോ എന്ന് എനിക്കറിയില്ല. പക്ഷേ, ഒരു വലിയ വിഭാഗം രാജ്യങ്ങൾ കോവിഷീൽഡാണ് ഉപയോഗിക്കുന്നത്. ഞാൻ ഈ വാക്‌സീൻ ഉപയോഗിച്ച് അതിജീവിക്കുകയും ചെയ്തു. എന്നാൽ ഇതിൽ കൃത്യമായ ഉത്തരം നൽകേണ്ടത് ആരോഗ്യ വിദഗ്ധരാണ്, ഞാനല്ല.' അദ്ദേഹം പറഞ്ഞു.

കോവിഷീൽഡ് എടുത്ത ഇന്ത്യക്കാർ ബ്രിട്ടനിൽ എത്തിയാൽ 10 ദിവസത്തെ നിർബന്ധിത ക്വാറന്റീനിൽ പ്രവേശിക്കണമെന്ന ബ്രിട്ടന്റെ നിർദ്ദേശം വിവാദമായിരുന്നു. എന്നാൽ വാക്‌സീനല്ല ഇന്ത്യയിലെ സർട്ടിഫിക്കറ്റിനാണ് പ്രശ്‌നമെന്ന് ബ്രിട്ടൻ പിന്നീട് അറിയിച്ചു. ഇന്ത്യക്കാർക്ക് ക്വാറന്റീൻ ഒഴിവാക്കാതിരിക്കുന്ന ബ്രിട്ടന് അതേ നാണയത്തിൽ ഇന്ത്യ തിരിച്ചടി നൽകി. തിങ്കളാഴ്ച മുതൽ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടിഷ് പൗരന്മാർക്കും 10 ദിവസത്തെ ക്വാറന്റീനും രണ്ടുവട്ടം ആർടിപിസിആർ ടെസ്റ്റും നിർബന്ധമാക്കി.

ലോകാരോഗ്യ സംഘടനയുടെ കോവാക്‌സ് പദ്ധതിയുടെ ഭാഗമായി ഏതാണ്ട് നൂറോളം രാജ്യങ്ങളിലായി 66 ദശലക്ഷം വാക്‌സീൻ ഡോസാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഷാഹിദിന്റെ ജന്മനാടായ മാല ദ്വീപാണ് ഇന്ത്യയുടെ വാക്‌സീൻ ലഭിച്ച ആദ്യ രാജ്യങ്ങളിൽ ഒന്ന്. 3.12 ലക്ഷം ഡോസാണ് ഇന്ത്യ അവിടേക്കു കയറ്റി അയച്ചത്. ബ്രിട്ടിഷ് സ്വീഡൻ മരുന്നു നിർമ്മാണ കമ്പനിയായ അസ്ട്രാസെനകയുമായി ചേർന്ന് പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ കോവിഷീൽഡ് നിർമ്മിക്കുന്നത്.