കൊച്ചി: ചെറുപ്പം മുതൽ തന്നെ താൻ ആർഎസ്എസുകാരനായിരുന്നെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബിജെപിയിൽ ചേർന്ന പശ്ചാത്തലത്തിൽ ആർഎസ്എസ് മുഖപത്രമായ കേസരിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തനിക്ക് സംഘപരിവാറുമായുള്ള ദീർഘനാളത്തെ ബന്ധത്തെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. തന്നിൽ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്റെയൊക്കെ അടിത്തറ ആർഎസ്എസ് ആണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പാലക്കാട്ട് സ്‌കൂൾ വിദ്യാഭ്യാസ കാലത്താണ് സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ ആരംഭിച്ചതെന്ന് ശ്രീധരൻ പറയുന്നു. സെക്കൻഡ് ഫോം മുതൽ പത്താം ക്ലാസ് വരെയും വിക്ടോറിയ കോളജിലെ ഇന്റർമിഡിയറ്റ് കാലത്തും അതു തുടർന്നു. അന്നത്തെ പ്രചാരക് ആയിരുന്ന നിലമ്പൂർ കോവിലകത്തെ ടിഎൻ ഭരതനും രാ വേണുഗോപാലുമാണ് ശിക്ഷണം നൽകിയത്. എന്നിൽ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്റെയൊക്കെ അടിത്തറ ആർഎസ്എസ് ആണ്. മോഹൻ ഭാഗവത് കേരളത്തിൽ വന്നപ്പോൾ അദ്ദേഹത്തോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്- ശ്രീധരൻ അഭിമുഖത്തിൽ പറയുന്നു. ഔദ്യോഗിക പദവിയിൽ രാഷ്ട്രീയം കലർത്താൻ താത്പര്യം ഇല്ലാതിരുന്നതിനാൽ നിഷ്പക്ഷ നിലപാടു സ്വീകരിക്കുകയായിരുന്നെന്നും ശ്രീധരൻ പറഞ്ഞു.

ദേശ സുരക്ഷയുടെ നാലാം തൂണാണ് ആർഎസ്എസ് എന്ന ജസ്റ്റിസ് കെടി തോമസിന്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു. രാജ്യത്തിന്റെ ധാർമിക മൂല്യങ്ങൾ എല്ലാവരിലും എത്തിക്കുക എന്നതാണ് ഞാൻ ലക്ഷ്യമിടുന്നത്. ബിജെപി പ്രവേശനം അതിനു വേണ്ടി കൂടിയാണ്. രാജ്യത്തോടും സമൂഹത്തോടുമുള്ള അചഞ്ചലമായ സ്‌നേഹം, ദൃഢനിശ്ചയം, സത്യസന്ധത, കഠിനാധ്വാനം എന്നിവയാണ് നരേന്ദ്ര മോദിയുടെ പ്രത്യേകത. അദ്ദേഹത്തിൽനിന്നു ഞാൻ പഠിച്ചത് ഈ പാഠങ്ങളാണ്. ഇവയൊക്കെയും സമൂഹത്തിൽ പ്രചരിക്കേണ്ടതുണ്ട്- ശ്രീധരൻ പറഞ്ഞു.

കേരളത്തിൽ ബിജെപി വർഗീയ പാർട്ടിയാണെന്ന പ്രചാരണത്തെ അതിജീവിക്കേണ്ടതുണ്ട്. ദേശസുരക്ഷയ്ക്കു വേണ്ടി നിൽക്കുന്ന പാർട്ടിയാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താൻ നേതൃത്വം ശ്രമിക്കണം. പൊതുസമൂഹം ഇക്കാര്യം ഏറെക്കുറെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആ മാറ്റം പ്രകടമാണെന്നും ഇ ശ്രീധരൻ അഭിമുഖത്തിൽ പറയുന്നു.