ന്യൂഡൽഹി: തനിക്കെതിരെ ചുമത്തിയിരിക്കുന്ന കേസ് വ്യാജമെന്ന് മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ. തനിക്ക് നീതി നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മഥുര ജയിലിൽ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴായിരുന്നു സിദ്ദിഖ് കാപ്പന്റെ പ്രതികരണം.

ഉത്തർ പ്രദേശ് പൊലീസ് തനിക്കെതിരെ രജിസ്റ്റർ ചെയ്തത് വ്യാജ കേസ് ആണ്. നീതി വേണം. എന്നാൽ ഇപ്പോൾ നീതി വൈകുകയാണ്. ഇത് നീതി നിഷേധത്തിന് തുല്യമാണെന്നും സിദ്ദിഖ് കാപ്പൻ പറഞ്ഞു. എന്നാൽ ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും കാപ്പൻ പ്രതികരിച്ചു.

ഇതിനിടെ കാപ്പന്റെ അറസ്റ്റിന് കാരണമായ കുറ്റം മഥുര കോടതി ഒഴിവാക്കി. ഹാഥ്റസ് സന്ദർശനത്തിനിടെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചുവെന്ന കുറ്റമാണ് മഥുര സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഒഴിവാക്കിയത്. ഹാഥ്‌റസിൽ സമാധാനം തകർക്കാൻ ശ്രമിച്ചതിന് സിദ്ദിഖ് കാപ്പനെതിരെ തെളിവില്ലെന്ന് മഥുര കോടതി വിധിച്ചിരുന്നു. സമാധാനം തകർക്കാൻ ശ്രമിച്ചതിനെതിരെ ചുമത്തിയ വകുപ്പുകൾ കോടതി റദ്ദാക്കി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് റദ്ദാക്കിയിട്ടുള്ളത്. കാപ്പനെതിനെ ചുമത്തിയ രാജ്യദ്രോഹം, യുഎപിഎ വകുപ്പുകൾ ഒഴിവാക്കിയിട്ടില്ല.

ഹാഥ്‌റസിൽ സമാധാനം തകർക്കാൻ എത്തിയ സംഘം എന്നാരോപിച്ചാണ് കഴിഞ്ഞ ഒക്ടോബർ 5 ന് സിദ്ദിഖ് കാപ്പൻ അടക്കമുള്ളവരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാതികലാപം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിദ്ദിഖ് കാപ്പനും ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരും ഹാഥ്റസിലേക്ക് പോയെന്നാണ് പൊലീസ് പറയുന്നത്.എന്നാൽ, ക്രിമിനൽ നടപടിച്ചട്ടം 116 (6) പ്രകാരമുള്ള ഈ കുറ്റത്തിന്മേൽ ആറു മാസം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയാക്കാൻ യു.പി. പൊലീസിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് മഥുര സബ്ഡിവിഷണൽ മജിസ്ട്രേറ്റ് രാംദത്ത് റാം ഈ കുറ്റത്തിന്മേലുള്ള നടപടികൾ അവസാനിപ്പിച്ചത്.

പ്രതികൾക്ക് എതിരായ ഒരു കുറ്റം കോടതി റദ്ദാക്കിയത് തിരിച്ചടിയല്ലെന്ന് പ്രോസിക്യുഷൻ അവകാശപ്പെട്ടു. കേസിന്റെ മെറിറ്റിൽ അല്ല മറിച്ച് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടിയെന്നാണ് പ്രോസിക്യുഷൻ നിലപാട്.അതേസമയം രാജ്യ ദ്രോഹം അടക്കമുള്ള വകുപ്പുകൾ ഇപ്പോഴും ഉണ്ടെങ്കിലും തുടർന്നുള്ള കേസ് നടത്തിപ്പിൽ ഇപ്പോഴുണ്ടായ കോടതി വിധി സഹായകം ആകുമെന്ന വിലയിരുത്തലാണ് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകർ പങ്കുവയ്ക്കുന്നത്.

എട്ടരമാസമായി കാപ്പൻ ജയിലിൽ തുടരുകയാണ്. ഏത് വകുപ്പ് അനുസരിച്ചാണോ കാപ്പനെ കസ്റ്റഡിയിലെടുത്തത് ആ വകുപ്പാണ് ഇപ്പോൾ മധുര കോടതി ഒഴിവാക്കിയത്. ഹാഥ്റസിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുകൊന്ന സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് സിദ്ദിഖ് കാപ്പനെ യു.പി. പൊലീസ് അറസ്റ്റ് ചെയ്തത്.