ഗ്വാളിയോർ: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കാൻ രണ്ട് യുദ്ധവീരന്മാർ കൂടിയെത്തി. ഫ്രാൻസിൽ നിന്ന് രണ്ട് മിറാഷ് 2000 യുദ്ധവിമാനങ്ങൾ കൂടിയാണ് ഇന്ത്യയിലെത്തിയത്. മിറാഷിന്റെ സെക്കൻഡ് ഹാൻഡ് പരിശീലന പതിപ്പ് വിമാനങ്ങളാണ് ഗ്വാളിയോർ വ്യോമസേനാ കേന്ദ്രത്തിൽ എത്തിയിരിക്കുന്നത്.

പുതിയ രണ്ട് വിമാനം കൂടി എത്തിയതോടെ മിറാഷ് യുദ്ധവിമാനങ്ങളുടെ എണ്ണം 50 ആയി ഉയരും. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ മേൽനോട്ടത്തിലാണ് മിറാഷ് വിമാനങ്ങളിൽ ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഗ്വാളിയോർ വ്യോമസേനാ കേന്ദ്രത്തിൽ മിറാഷ് വിമാനങ്ങളുടെ മൂന്ന് സ്‌ക്വാഡ്രോണുകളാണ് നിലവിലുള്ളത്.

ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വൈവിധ്യമാർന്നതും അപകടകാരിയുമായ പോർവിമാനമാണ് മിറാഷ് 2000. 7500 കിലോഗ്രാം ഭാരമുള്ള മിറാഷ് 2000ത്തിന്റെ ടേക്ഓഫ് ഭാരം 17,000 കി.ലോഗ്രാം ആണ്. പരമാവധി വേഗം മണിക്കൂറിൽ 2336 കിലോമീറ്റർ. 59,000 അടി (17 കിലോ മീറ്റർ) വരെ ഉയരത്തിൽ പറക്കാൻ കഴിയും.

ലേസർ നിയന്ത്രിത ബോംബ്, ആകാശത്ത് നിന്ന് ആകാശത്തേക്ക് പ്രയോഗിക്കാവുന്നതും ആകാശത്ത് നിന്ന് ഭൂമിയിലേക്ക് പ്രയോഗിക്കാവുന്നതുമായ മിസൈലുകൾ എന്നിവ വഹിക്കാൻ ശേഷിയുണ്ട്. തോംസൺ റഡാറും ഡോപ്ലർ മൾട്ടി ടാർജറ്റ് റഡാറും വിമാനത്തിൽ സജ്ജമാണ്.

പരീക്ഷണ പറക്കലിനിടെ മിറാഷ് യുദ്ധവിമാനങ്ങൾ തകർന്നു വീണ സാഹചര്യത്തിലാണ് വിമാന നവീകരണ കരാറിൽ ഇന്ത്യയും ഫ്രാൻസും ഏർപ്പെട്ടത്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതോടെ 2035 വരെ മിറാഷ് വിമാനങ്ങൾ വ്യോമസേനക്ക് ഉപയോഗിക്കാൻ സാധിക്കും.

1980 മുതൽ വ്യോമസേനയുടെ ഭാഗമായ മിറാഷ് വിമാനങ്ങൾ 1999ലെ കാർഗിൽ യുദ്ധവേളയിലും 2019ലെ പാക്കിസ്ഥാനിലെ ബാലകോട്ട് ആക്രമണത്തിലും മികച്ച സേവനം കാഴ്ചവെച്ചിരുന്നു. കാർഗിൽ ടൈഗർ ഹില്ലിലെ പാക് സൈനിക ക്യാമ്പുകളും ബങ്കറുകളും തകർക്കാനും കരസേനയുടെ നീക്കത്തിന് മികച്ച പിന്തുണ നൽകാനും മിറാഷിലൂടെ വ്യോമസേനക്ക് സാധിച്ചിരുന്നു.