കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ ഇബ്രാഹിം കുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ആർഡിഎസ് കമ്പനിക്ക് കരാർ നൽകിയതിൽ കള്ളത്തരമുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഇതാണ് അംഗീകരിക്കുന്നത്.

പാലം പണിയുമ്പോൾ കരാർ കമ്പനിക്ക് അഡ്വാൻസ് നൽകുന്നത് പുതുമയുള്ള കാര്യമല്ലെന്നായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ അഭിഭാഷകന്റെ വാദം. ഊരാളുങ്കൽ സൊസൈറ്റിക്ക് സ്പീക്കർ മുൻകൂർ തുക കൈമാറിയ കീഴ് വഴക്കമുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നാലു ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്നുമാണ് സർക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചത്.