കൊച്ചി: മുന്മന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായത് നാടകീയതയ്ക്ക് ഒടുവിൽ. ഇതോടെ ദിവസങ്ങളുടെ വ്യത്യാസത്തിൽ അറസ്റ്റിലാകുന്ന രണ്ടാമത്ത മുസ്ലിംലീഗ് എംഎൽഎയാകുകയാണ് ഇബ്രാഹിംകുഞ്ഞ്. ജൂവലറി തട്ടിപ്പിൽ മഞ്ചേശ്വരം എംഎൽഎ കമറുദ്ദീൻ ജയിലിലാണ് ഇപ്പോൾ. സ്വർണ്ണ കടത്തിൽ പ്രതിരോധത്തിലായ പിണറായി സർക്കാരിന്റെ തിരിച്ചടി നീക്കമാണ് ഈ അറസ്റ്റുകളെന്ന് യുഡിഎഫ് ആരോപിക്കുന്നു. ലീഗിന്റെ രണ്ടാം വിക്കറ്റാണ് പിണറായി വീഴ്‌ത്തുന്നതെന്ന വിലയിരുത്തലും സജീവം.

പാലാരിവട്ടം പാലം അഴിമതി കേസിലാണ് വിജിലൻസ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘം ഇന്നു രാവിലെ കൊച്ചി ആലുവയിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ ഇബ്രാഹിംകുഞ്ഞ് വീട്ടിൽ ഇല്ലെന്നും കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലാണെന്നും വീട്ടുകാർ അറിയിച്ചു. ഇതിനു പിന്നാലെ വിജിലൻസ് സംഘം ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ചികിത്സ തേടിയത്.

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള സർവ്വ സന്നാഹവുമായിട്ടാണ് വിജിലൻസ് ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് വീട്ടിലെത്തിയത്. വനിതാ പൊലീസും സംഘത്തിലുണ്ടായിരുന്നു. എന്നാൽ വീട്ടിലെത്തിയപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് അവിടെയില്ലെന്ന കാര്യം വിജിലൻസിന് മനസ്സിലായത്. ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അദ്ദേഹം ആശുപത്രിയിലാണെന്ന് വിജിലൻസ് സംഘത്തിനെ ഭാര്യ അറിയിച്ചു. എന്നാൽ ഇതിൽ വിശ്വാസം വരാതെ സംഘം വീട്ടിൽ പരിശോധന നടത്തി. ആരേയും കണ്ടെത്താനായില്ല. വീട്ടിൽ നിന്ന് പുറത്തിറങ്ങിയ വിജിലൻസ് സംഘം നിലവിൽ ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ച ലേക്ക്ഷോർ ആശുപത്രിയിൽ എത്തി. ഇവിടെ ഡോക്ടർമാരുമായി ചർച്ച നടത്തി. അതിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്ന് അറസ്റ്റുണ്ടാകുമെന്ന വിവരം വിജിലൻസിൽ നിന്ന് തന്നെ ഇബ്രഹിംകുഞ്ഞിന് ചോർന്ന് കിട്ടിയതായാണ് വിവരം. ചൊവ്വാഴ്ച രാവിലെവരെ അദ്ദേഹം തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സജീവ പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്നുവെന്നാണ് വിവരം. എന്നാൽ ഉച്ചയോടെ അദ്ദേഹത്തിന് വിജിലൻസിന്റെ നീക്കം സംബന്ധിച്ച് വിവരം ലഭിച്ചെന്നാണ് വ്യക്തമാകുന്നത്. ലേക്ക്ഷോർ ആശുപത്രിയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇബ്രാഹിം കുഞ്ഞ് അഡ്‌മിറ്റാകുന്നത്. നിലവിൽ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റാനിരിക്കുകയാണെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഇതിനിടെ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കാനുള്ള നീക്കവും മുൻ മന്ത്രി നടത്തുന്നുണ്ട്.

ഇന്ന് വൈകീട്ട് വരെ ചോദ്യം ചെയ്ത ശേഷം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനായിരുന്നു വിജിലൻസിന്റെ നീക്കം. ആശുപത്രിയിൽ ആയ സാഹചര്യത്തിൽ മുൻകൂർ ജാമ്യ ഹർജി നൽകാതിരിക്കാൻ തന്ത്രപരമായി ആശുപത്രിയിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു വിജിലൻസ്. ആശുപത്രിയിൽ ആയാൽ അറസ്റ്റ് ചെയ്യില്ലെന്നായിരുന്നു വിലയിരുത്തൽ. മുൻകൂർ ജാമ്യഹർജി നൽകാനും പദ്ധതിയിട്ടു. ഇതെല്ലാം മനസ്സിലാക്കിയാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നത്. മുകളിൽ നിന്ന് ലഭിച്ച നിർദ്ദേശമാണ് വിജിലൻസ് അനുസരിക്കുന്നതെന്നാണ് സൂചന. അറസ്റ്റ് നീക്കം ചോർന്നിരുന്നോ എന്നും പരിശോധിക്കും.

പാലാരിവട്ടം മേൽപ്പാലം നിർമ്മാണക്കമ്പനിയായ ആർഡിഎസിന് ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുൻകൂർ നൽകിയത് ഇബ്രാഹിംകുഞ്ഞിന്റെ നിർദ്ദേശപ്രകാരമാണെന്ന് മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് മൊഴി നൽകിയിരുന്നു. കേസിൽ അഞ്ചാംപ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. ഫെബ്രുവരി അഞ്ചിനാണ് ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത്. കേസിൽ അഞ്ചാംപ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെ തുടർന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ചികിത്സ തേടിയത് എന്ന് പറയുന്നു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമ്മിച്ച പാലത്തിൽ വിള്ളൽ കണ്ടതോടെയാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. അഞ്ചാം പ്രതിയായ അന്നത്തെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ക്രമക്കേട് നടത്തിയതിന് വിജിലൻസിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ്, കരാർ കമ്പനി ആർഡിഎസ് പ്രോജക്ട് എംഡി സുമിത് ഗോയൽ, കിറ്റ്കോ ജനറൽ മാനേജർ ബെന്നിപോൾ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ കേരള (ആർബിഡിസികെ) അസി. ജനറൽ മാനേജർ പി ഡി തങ്കച്ചൻ എന്നിവരും പ്രതികളാണ്.