കൊച്ചി: താരസംഘടനായ 'അമ്മ'യിൽ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ അമർഷം പുകയുന്നു. താര സംഘടനയിലെ അംഗമായ ജോജു ജോർജ് പ്രശ്‌നത്തിൽ പെട്ടപ്പോൾ പ്രത്യക്ഷത്തിൽ സഹായത്തിന് ഇടവേള ബാബു ഉണ്ടായിരുന്നില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് വിഷയം കെബി ഗണേശ് കുമാർ തന്നെ ചർച്ചയാക്കുന്നത്. ജനറൽ സെക്രട്ടറി ഇടപെട്ടാൽ മാത്രമേ അത് സംഘടനയുടെ ഇടപെടലാകൂ. ഇക്കാര്യത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ ഇടവേള ബാബു മാതൃകയാക്കണമെന്നാണ് താര സംഘടനയിൽ ഉയരുന്ന അഭിപ്രായം.

നടൻ ജോജുവിന് എതിരായ ആക്രമണത്തിൽ മൗനം പാലിച്ച താരസംഘടനയായ അമ്മയ്ക്കെതിരെ ഗണേശ് കുമാർ എംഎൽഎ രംഗത്തു വന്നിരുന്നു. വിഷയത്തിൽ സംഘടന നേതൃത്വം എന്തുകൊണ്ട് മൗനം പാലിച്ചെന്ന് മനസിലാകുന്നില്ല. കോൺഗ്രസ് നേതാക്കൾ പോലും ആക്രമണത്തെ അപലപിച്ചപ്പോൾ സെക്രട്ടറി ഇടവേള ബാബു മൗനം പാലിച്ചു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇടവേള ബാബുവും വിശദീകരണവുമായി രംഗത്ത് എത്തി. വിഷയത്തിൽ സംഘടന ചെയ്യേണ്ട കാര്യങ്ങൾ എല്ലാം തന്നെ ചെയ്തു എന്ന് ഇടവേള ബാബുവിന്റെ പ്രതികരണം. 'ആ സമയത്ത് ചെയ്യേണ്ടതായ എല്ലാ കാര്യങ്ങളും ചെയ്തു. നമ്മൾ ആരും പിന്മാറിയില്ല. ബാബുരാജ്, ടിനി ടോം തുടങ്ങിയവർ വിളിച്ചിരുന്നു. പിന്നെ ഗണേശ് കുമാർ വൈസ് പ്രസിഡന്റാണ്, പുള്ളിക്കും അതിൽ ഇടപെടാം' ഇടവേള ബാബു പറഞ്ഞിരുന്നു.

എന്നാൽ കൊച്ചിയുള്ള ഇടവേള ബാബു എന്തുകൊണ്ട് ജോജു ജോർജ് വിഷയത്തിൽ നേരിട്ട് ഇടപെട്ടില്ലെന്നതാണ് ഉയരുന്ന ചോദ്യം. ജോജുവിനെ മദ്യപാനിയെന്ന് വിളിച്ച് കളിയാക്കി. വൈദ്യപരിശോധനാ റിപ്പോർട്ടും വന്നു. ഇതെല്ലാം അറിഞ്ഞ് ഫെഫ്കാ ജനറൽ സെക്രട്ടറിയായ ഉണ്ണിക്കൃഷ്ണൻ ഓടിയെത്തി. ജോജുവിന് മതിയായ സംരക്ഷണം നൽകി. അതുകൊണ്ടു തന്നെ ജോജുവിനെതിരെ കേസും വന്നില്ല. മറിച്ച് അമ്മയുടെ ജനറൽ സെക്രട്ടറി സീനിൽ പോലും എത്തിയില്ല-ഇതാണ് കുറ്റപ്പെടുത്തൽ.

അമ്മയിലെ ഒരംഗം പ്രതിസന്ധിയിൽ പെടുമ്പോൾ ഫോണിൽ വിളിച്ചാൽ മതിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ജോജുവിനെ പലരും ഫോണിൽ വിളിച്ചിട്ടുണ്ടാകാം. അതല്ല വേണ്ടത്. സ്‌പോട്ടിൽ എത്തി മാനസിക പിന്തുണ നൽകുകയാണ്. പക്ഷേ എന്തോ ഭയം കൊണ്ട് അമ്മയിലുള്ളവർ ഇതൊന്നും ചെയ്തിട്ടില്ല. താര സംഘടനയിലെ തലപ്പത്തുള്ളവർക്ക് നക്ഷത്രങ്ങൾക്കൊപ്പം സഞ്ചരിക്കാനാണ് താൽപ്പര്യമെന്നും വിമർശനമുണ്ട്. എന്നാൽ അമ്മയ്‌ക്കെതിരെ ജോജോ ജോർജ് പ്രതികരിക്കില്ലെന്നാണ് സൂചന.

അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നതെന്നും അമ്മ വൈസ് പ്രസിഡന്റ് കൂടിയായ ഗണേശ് ചോദിച്ചിരുന്നു. പരസ്പരം കുശുമ്പുള്ള സ്ഥലമാണ് സിനിമ. അതുകൊണ്ടാകും ഇതിൽ ആരും അപലപിക്കാത്തതെന്ന് ആരോപിച്ച ഗണേശ് ഇക്കാര്യത്തിൽ സംഘടനാ യോഗത്തിൽ പ്രതിഷേധം അറിയിക്കുമെന്നും അറിയിച്ചു. സംഭവത്തിൽ കോൺ?ഗ്രസിനെയും ഗണേശ് കുമാർ വിമർശിച്ചു. സ്ത്രീകളെ ഉപയോഗിച്ച് തന്നെ കുടുക്കാൻ മുമ്പ് കോൺഗ്രസ് ശ്രമിച്ചിരുന്നു എന്നാണ് വിമർശനം. ഇത് വലിയ രീതിയിൽ ചർച്ചയാതോടെയാണ് അമ്മ സംഘടനയ്ക്കെതിരായ കെ ബി ഗണേശ് കുമാറിന്റെ ആരോപണം തള്ളി ഇടവേള ബാബു രംഗത്തെത്തിയത്. താൻ തുടക്കത്തിൽ തന്നെ വിഷയത്തിൽ ഇടപെട്ടെന്ന് ഇടവേള ബാബു പറഞ്ഞു. എന്നാൽ ഒളിഞ്ഞിരുന്നുള്ള ഇടപെടൽ അല്ല വേണ്ടതെന്ന വിമർശനമാണ് ഉയരുന്നത്.

അമ്മയുടെ അടുത്ത യോഗത്തിൽ ഈ വിഷയം ചർച്ചയ്ക്കു വരും. അമ്മയുടെ സാന്നിധ്യം പൊതു സമൂഹത്തിൽ എത്തിക്കുന്ന തരത്തിലെ ഇടപെടൽ വേണമെന്നാണ് ഉയരുന്ന ആവശ്യം. സിനിമാക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശക്തമായ പ്രതികരണങ്ങൾ നടത്തണമെന്നും ആവശ്യപ്പെടും. നേതൃത്വം എന്നാൽ പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ ആണ്. ഇതിൽ ഒരാൾ സംഘടനയുടെ നിലപാടുകൾ ഓരോ വിഷയത്തിലും പൊതു സമൂഹത്തിന് മുമ്പിൽ വിശദീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

പാർവ്വതി തിരോവരത്തുമായി ബന്ധപ്പെട്ട രാജി വിഷയത്തിൽ ഇടവേള ബാബുവിനെ പിന്തുണച്ച വ്യക്തിയാണ് കെബി ഗണേശ് കുമാർ. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ രൂക്ഷമായി വിമർശിച്ചാണ് പാർവതി അമ്മയിൽ നിന്ന് രാജിവെച്ചത്. . ഇടവേള ബാബു ജനറൽ സെക്രട്ടറി പദവി ഒഴിയണമെന്നും പാർവതി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ തുറന്നടിച്ചിരുന്നു. .അമ്മ നിർമ്മിക്കുന്ന ട്വന്റി- ട്വന്റി മോഡൽ സിനിമയിൽ ഭാവന ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇടവേള ബാബു നൽകിയ ഉത്തരമാണ് വിവാദമായത്. മരിച്ചു പോയവരെ തിരിച്ച് കൊണ്ടു വരാനാകില്ല, അതുപോലെ രാജി വെച്ചവരും സിനിമയിൽ ഉണ്ടാകില്ല എന്നായിരുന്നു ഇടവേള ബാബുവിന്റെ മറുപടി.

അന്ന് ഇടവേള ബാബുവിന് പ്രതിരോധവുമായി എത്തിയത് ഗണേശ് കുമാറായിരുന്നു. രാജിവെക്കാൻ എല്ലാ ആളുകൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും അതിൽ അഭിപ്രായം പറയാനില്ലെന്നും ഗണേശ് കുമാർ അന്ന് വ്യക്തമാക്കിയിരുന്നു. കൊറോണക്കാലത്ത് വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ ജീവിച്ചിരിപ്പില്ലെന്ന് ആളുകൾ കരുതിയാൽ മോശമല്ലേ? എല്ലാവർക്കും അതിനുള്ള അവകാശമുണ്ട്. ഇന്ത്യാ മഹാരാജ്യത്ത് ആർക്കും എന്തും പറയാം. അവരുടെ മനസിൽ തോന്നുന്നത് പ്രകടിപ്പിക്കാം. അതൊന്നും ചോദ്യംചെയ്യാൻ നമുക്ക് അധികാരമില്ല. എല്ലാരും പറയട്ടെയെന്ന് പാർവ്വതി തിരുവോത്തിന്റെ രാജിയിൽ ഗണേശ് പറഞ്ഞിരുന്നു.