ന്യൂഡൽഹി: ഐഡിബിഐ ബാങ്കിൽ മാനേജ്മെന്റ് നിയന്ത്രണം കൈമാറുന്നതിനൊപ്പം തന്ത്രപരമായ ഓഹരി വിറ്റഴിക്കലിനും കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയാണ് ഇതിന് തത്വത്തിൽ അംഗീകാരം നൽകിയത്.

'റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ച് ഓഹരിയുടമകളുടെ വിഹിതം കേന്ദ്ര സർക്കാരും എൽഐസിയും വിഭജിക്കും' - സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

ഐഡിബിഐ ബാങ്കിലെ മാനേജ്മെന്റ് നിയന്ത്രണം ഉപേക്ഷിച്ച് ഓഹരി ഉടമസ്ഥാവകാശം കുറയ്ക്കുന്നതിന് എൽഐസി ബോർഡ് നേരത്തെ അംഗീകാരം നൽകിയിരുന്നു.

ഐഡിബിഐ ബാങ്കിന്റെ നിലവിലെ 94 ശതമാനത്തിലധികം ഓഹരി കേന്ദ്ര സർക്കാരിന്റേയും എൽഐസിയുടേയും പക്കലാണ് (കേന്ദ്ര സർക്കാരിന് 45.48%, എൽഐസിക്ക് 49.24 %). നിലവിൽ ബാങ്കിന്റെ മാനേജ്മെന്റ് നിയന്ത്രണമുള്ള പ്രമോട്ടറാണ് എൽഐസി.