കട്ടപ്പന: ഇടുക്കി ജലസംഭരണിയിൽ ഒരടികൂടി ജലനിരപ്പ് ഉയർന്നാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദിവസവും ഒരു അടിവീതം ഉയരുന്നുണ്ട്. ബുധനാഴ്ച 2371.22 അടിയാണ് ജലനിരപ്പ്. 2372.58 അടിയിൽ എത്തുമ്പോഴാണ് ബ്ലൂ അലർട്ട് പ്രഖ്യാപിക്കുക.

മുൻവർഷം ഇതേസമയം 2333.62 അടിയായിരുന്നു ജലനിരപ്പ്. 37.6 അടിയുടെ വർധന. പരമാവധി സംഭരണ ശേഷി 2403 അടിയാണ്. ജലനിരപ്പ് 2378.58 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ട് നൽകും.

2379.58 അടി എത്തുമ്പോഴാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുക. ജലനിരപ്പ് ഉയരാതിരിക്കാൻ മൂലമറ്റത്ത് ഉൽപ്പാദനം ഉയർത്തി. 16.698 ദശലക്ഷം യൂണിറ്റാണ് ഉൽപാദനം. വൈദ്യുതി നിലയത്തിന്റെ പരമാവധി ഉൽപ്പാദനശേഷി 18 ദശലക്ഷം യൂണിറ്റാണ്. പദ്ധതിപ്രദേശത്ത് 20.8 മില്ലിമീറ്റർ മഴ ലഭിച്ചു. 17.630 മില്യൺ ക്യുബിക് മീറ്റർ ജലം അണക്കെട്ടിലേക്ക് ഒഴുകി എത്തിയപ്പോൾ വൈദ്യുതി ഉൽപ്പാദനശേഷം പുറന്തള്ളുന്നത് 11.2639 മില്യൺ ക്യുബിക് മീറ്ററാണ്.