തിരു :ചലച്ചിത്രപ്രേമികൾക്ക് കരുതലുള്ള വിസ്മയക്കാഴ്ച ഒരുക്കാൻ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇത്തവണ എത്തുന്നത് 80 ചിത്രങ്ങൾ .രാജ്യാന്തര മത്സര വിഭാഗം ,ഇന്ത്യൻ സിനിമ ,ഹോമേജ്, ലോകസിനിമ തുടങ്ങി എട്ടു വിഭാഗങ്ങളിലായി 50 ഓളം ചിത്രങ്ങളാണ് നാലുമേഖലകളിലും പ്രദർശിപ്പിക്കുന്നത്. ലോക സിനിമ വിഭാഗത്തിലാണ് ഏറ്റവുമധിക ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത് .തോമസ് വിന്റർബെർഗിന്റെ അനതർ റൗണ്ട് , കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്‌പൈ ,അഹമ്മദ് ബഹ്റാമിയുടെ ദി വേസ്റ്റ് ലാൻഡ് തുടങ്ങിയ വിഖ്യാത ചിത്രങ്ങൾ ഈ വിഭാഗത്തിൽ പ്രദർശനത്തിന് എത്തും.

ഫെബ്രുവരി 10 ന് തിരുവനന്തപുരത്താണ് മേളയുടെ തുടക്കം. സമാപന ചടങ്ങുകൾ ഇക്കുറി മാർച്ച് അഞ്ചിന് പാലക്കാട്ടാവും നടക്കുക .തിരുവനന്തപുരത്ത് മുഖ്യവേദിയായ ടാഗോർ തിയേറ്ററിനു പുറമെ കൈരളി ,ശ്രീ,നിള ,കലാഭവൻ,നിശാഗന്ധി എന്നിവിടങ്ങളിലായാണ് പ്രദർശനങ്ങൾ.

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മേള നടത്തുന്നത് .മേളയിലെത്തുന്ന ഡെലിഗേറ്റുകൾ, ഒഫിഷ്യലുകൾ , വോളന്റിയർമാർ, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവർക്ക് ടാഗോർ തിയേറ്ററിൽ ഫെബ്രുവരി 8,9,10 തീയതികളിൽ സൗജന്യമായി ആന്റിജൻ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം അക്കാദമിയും ആരോഗ്യ വകുപ്പും ചേർന്ന് ഒരുക്കിയിട്ടുണ്ട് .ആശുപത്രികളിൽ നിന്നും ലാബുകളിൽ നിന്നുമുള്ള (മേള തുടങ്ങുന്നതിനും 48 മണിക്കൂർ മുൻപ് നടത്തിയത്) കോവിഡ് ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കും മേളയിൽ പ്രവേശനം അനുവദിക്കുമെന്ന് അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ അറിയിച്ചു.