തിരുവനന്തപുരം: 26 ാമത് രാജ്യാന്തര ചലച്ചിത്ര മേള( ഐഎഫ്എഫ്‌കെ) ഡിസംബറിൽ നിന്ന് ഫെബ്രുവരിയിലേക്ക് നീട്ടി. ചലച്ചിത്രമേളയുടെ 26 -ാമത് എഡിഷൻ 2022 ഫെബ്രുവരി 4 മുതൽ 11 വരെയാണ് നടക്കുക. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ 2022 ഫെബ്രുവരി 4 ന് വൈകീട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

തിരുവനന്തപുരത്തെ പന്ത്രണ്ടോളം തിയേറ്ററുകളിലായി എട്ട് ദിവസം നീണ്ടു നിൽക്കുന്ന IFFKയുടെ 26 -ാം പതിപ്പ് രാജ്യാന്തര ചലച്ചിത്രമേളയുടെ എല്ലാ പ്രൗഢിയോടെയും നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. 13 -ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയും (IDSFFK) തിരുവനന്തപുരത്ത് നടക്കും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ജൂലൈ മാസം നടത്താൻ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (IDSFFK) 2021 ഡിസംബർ 9 മുതൽ 14 വരെ തിരുവനന്തപുരം ഏരീസ് പ്‌ളക്‌സ് എസ് എൽ തിയേറ്റർ കോംപ്‌ളക്‌സിലെ നാല് സ്‌ക്രീനുകളിൽ നടക്കും. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി .പിണറായി വിജയൻ ഏരീസ് പ്‌ളക്‌സ് എസ്.എൽ തിയേറ്ററിലെ ഓഡി 1ൽ ഡിസംബർ 9 ന് നിർവഹിക്കും. സർക്കാർ നിർദ്ദേശങ്ങൾക്കനുസൃതമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും മേളകൾ സംഘടിപ്പിക്കുക