അയോധ്യ രാമക്ഷേത്രം നിർമ്മിക്കുന്നതിനുസമീപം അനധികൃത ഭൂമി കച്ചവടം നടത്തി പണമുണ്ടാക്കിയവരുടെ പട്ടികയിൽ അയോധ്യ മേയർ ഋഷികേശ് ഉപാധ്യായയും ബിജെപി എംഎൽഎ വേദ് പ്രകാശും അടക്കം 40 പേർ. അയോധ്യ വികസന സമിതിയാണു പട്ടിക പുറത്തുവിട്ടത്. ഗോരഖ്‌നാഥിലെ ഒരു സന്യാസിയും മണിക്പുരിൽ നിന്നുള്ള മുൻ എംഎൽഎയും പട്ടികയിലുണ്ട്. 40 പേർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നു വികസന അഥോറിറ്റി വൈസ് ചെയർമാൻ വിശാൽ സിങ് പറഞ്ഞു.

അയോധ്യയിൽ 2019ലെ സുപ്രീം കോടതി വിധിക്കു പിന്നാലെ രാമക്ഷേത്രം നിർമ്മാണം തുടങ്ങിയപ്പോൾ സമീപമുള്ള ഭൂമി ബിജെപി നേതാക്കളും സർക്കാർ ഉദ്യോഗസ്ഥരും വാങ്ങിക്കൂട്ടുകയും പിന്നീടു ഭീമമായ വിലയ്ക്കു ക്ഷേത്ര ട്രസ്റ്റിനു മറിച്ചു വിൽക്കുകയും ചെയ്‌തെന്ന ആരോപണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു വലിയ വിവാദമായിരുന്നു. ഇക്കാര്യം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നു സ്ഥലം എംപിയായ ലല്ലു സിങ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം തങ്ങൾക്ക് പങ്കില്ലെന്നും സമിതി പുറത്തുവിട്ട പട്ടികയിൽ ക്രമക്കേട് നടന്നതായും മേയർ ഋഷികേശ് ഉപാധ്യായയും എംഎൽഎ വേദ് പ്രകാശ് ഗുപ്തയും പറഞ്ഞു.

സംഭവത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് സമാജ് വാദി പാർട്ടി (എസ്‌പി) രംഗത്തുവന്നു. 'ഞങ്ങൾ ആവർത്തിച്ചു പറഞ്ഞില്ലേ ബിജെപിക്കാർ അഴിമതിക്കാരാണെന്ന്. ദയവായി അയോധ്യയെ എങ്കിലും അഴിമതിയിൽ നിന്ന് ഒഴിവാക്കൂ' പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പരിഹസിച്ചു.