ആലപ്പുഴ: നഗരസഭ മുൻ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെതിരെ കൂടുതൽ അച്ചടക്കനടപടി. കുഞ്ഞുമോനെ കോൺഗ്രസിൽ നിന്ന് അനിശ്ചിത കാലത്തേക്ക് പുറത്താക്കി. മുൻ ഡിസിസി പ്രസിഡന്റ് എം ലിജുവിനെതിരെ വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് നടപടി.

നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂരിലെ സിറ്റിങ് എംഎൽഎയായിരുന്ന ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്താൻ അസൂത്രിത നീക്കം നടന്നെന്നായിരുന്നു ഇല്ലിക്കൽ കുഞ്ഞുമോന്റെ ആരോപണം. ഇതിനായി ആലപ്പുഴയിലെ ഒരു റിസോർട്ടിൽ കോൺഗ്രസിന്റെ ഒരു ഉന്നത നേതാവും മുൻ ഡിസിസി പ്രസിഡന്റ് എം ലിജുവും രഹസ്യയോഗം ചേർന്നുവെന്നും കുഞ്ഞുമോൻ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.

യുഡിഎഫ് സ്ഥാനാത്ഥിയായിരുന്നു ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്താനായി മണ്ഡലത്തിൽ വൻതോതിൽ പണം ഇറക്കിയിരുന്നു. ഒടുവിൽ തെരഞ്ഞെടുപ്പ് തോൽവി രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരുടെ തലയിൽവെച്ച് തടയൂരുകയായിരുന്നു എന്നും ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം ലിജുവിനെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെയായിരുന്നു വെളിപ്പെടുത്തൽ. ലിജുവിനെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കുഞ്ഞുമോൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വിശദീകരണം.