കൊൽക്കത്ത: ബിജെപിയിൽ ചേർന്നതിന്​ പിന്നാലെ തന്റെ സിനിമയിലെ മാസ്​ ഡയലോഗുകളുമായി ജനപ്രിയ ബം​ഗാളി​ നടൻ മിഥുൻ ചക്രബർത്തി. ''ഞാൻ നിന്നെ ഇവിടെ നിന്നും ഇടിച്ചാൽ നിന്റെ ബോഡി സെമിത്തേരിയിലെത്തും'', എന്നെ കണ്ട്​ വിഷമില്ലാത്ത സർപ്പമാണെന്ന്​ കരുതേണ്ട, ഞാനൊരു മൂർഖനാണ്​, ഒരൊറ്റ കുത്തിൽ നിങ്ങൾ പടമാകും'' തുടങ്ങിയ തന്റെ സൂപ്പർ ഹിറ്റ്​ ഡയലോഗുകളാണ് താരം ബിജെപി വേദിയിൽ വെച്ചുകാച്ചിയത്. ഇതോടെ ബിജെപി പ്രവർത്തകർ ആവേശത്തോടെ കയ്യടിച്ചു.

70 വയസ്സുകാരനായ ചക്രബർത്തി തൃണമൂലിന്റെ രാജ്യസഭ എംപിയും ബംഗാളിൽ വലിയ ജനപ്രീതിയുള്ളയാളുമാണ്​. ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ മുകുൾ റായ്, ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ, ബംഗാൾ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം.ബ്രിഗേഡ് മൈതാനിയിൽ എത്തിയ മിഥുൻ ചക്രബർത്തി പത്ത് ലക്ഷത്തോളം വരുന്ന ബംഗാൾ ജനതയുടെ സാന്നിദ്ധ്യത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.

മിഥുൻ ചക്രബർത്തി ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. ബംഗാളിന്റെ ചുമതലയുള്ള കൈലാഷ് വിജയവർഗീയ കഴിഞ്ഞ ദിവസം മിഥുൻ ചക്രവർത്തിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചതിന് പിന്നാലെയാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.

നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ ബാക്കി നിൽക്കേ മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേർന്നത് മമതയുടെ തൃണമൂൽ കോൺഗ്രസ്സിന് തിരിച്ചടിയാകും. തൃണമൂൽ നിന്നും നിരവധി പേരാണ് അടുത്തിടെ ബിജെപിയിലേക്ക് എത്തിയത്. 2014ൽ തൃണമൂൽ കോൺഗ്രസ് രാജ്യസഭാംഗമായിരുന്നു മിഥുൻ ചക്രവർത്തി. 2016ൽ ആരോഗ്യകാരണങ്ങളെ തുടർന്ന് അദ്ദേഹം എം പി സ്ഥാനം രാജി വെച്ചിരുന്നു.

70-കാരനായ മിഥുൻ ചക്രവർത്തിക്ക് ബംഗാളിൽ വലിയ ആരാധകരുണ്ട്. തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപിയായിരുന്ന മിഥുൻ ചക്രവർത്തി, ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കുടുങ്ങിയതിന് പിന്നാലെയായിരുന്നു രാജ്യസഭാ അംഗത്വം രാജിവെച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു. കുറച്ച് കാലമായി സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം അദ്ദേഹം ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചിരുന്നു.