തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നടപടികൾ വണേമെന്ന് ഐഎംഎ. എറണാകുളം, കോഴിക്കോട് ജില്ലകളിൽ ദിനംപ്രതി ആയിരത്തിനുമുകളിൽ രോഗികൾ ഉണ്ടാകുന്നു. ഇതനുസരിച്ച് ആശുപത്രികളിലെ ഐ.സി.യൂ., വെന്റിലേറ്റർ സൗകര്യങ്ങൾ അപര്യാപ്തമാകുന്ന അവസ്ഥ ഉണ്ടാകും. പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് കാണിക്കുന്നത്. കോവിഡുമായി ജീവിക്കാൻ തുടങ്ങിയപ്പോൾ ബ്രേക്ക് ദ ചെയിൻ അനുവർത്തിക്കുന്ന കാര്യത്തിൽ ഒരു അലംഭാവം ജനങ്ങളിൽ ഉണ്ടാകുന്നതായി കാണുന്നു. സ്‌കൂളുകൾ, കോളേജുകൾ, സിനിമാശാലകൾ, മാളുകൾ, ബാറുകൾ എല്ലാം തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ കോവിഡ് നിബന്ധനകൾ പാലിക്കുന്നതിൽ അയവ് വന്നതായി കാണുന്നു. ഇത് അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങൾ നീക്കും.

50% മാത്രം സെൻസിറ്റീവ് ആയ ആന്റിജൻ ടെസ്റ്റുകൾക്കു പകരം ആർ.ടി.പി.സി.ആർ. നിർബന്ധമാക്കി കൂടുതൽ പേരെ ടെസ്റ്റ് ചെയ്ത് ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിലാക്കിയാൽ മാത്രമേ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവൂ. അതുപോലെത്തന്നെ ഐസൊലേഷൻ/ കോറന്റൈൻ നിബന്ധനകളും കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.

അനാവശ്യ സഞ്ചാരങ്ങൾ, ആഘോഷങ്ങൾക്കായി കൂട്ടുകൂടൽ എന്നിവയിൽ വരുത്തിയ ഇളവുകൾ പിൻവലിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ഇളവുകൾ നൽകി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരേണ്ടതുണ്ടെങ്കിലും അത് നമ്മുടെ സഹോദരരുടെ ജീവൻ പണയം വച്ചുകൊണ്ടാകരുത് എന്ന് ഐ.എം.എ. ഓർമ്മിപ്പിക്കുന്നു. കൂടുതൽ കർശനമായ നടപടികൾ അനിവാര്യമാകുന്ന അവസ്ഥ അകലെയല്ല എന്നും ഓർമ്മിപ്പിക്കട്ടെ.

കോണ്ടാക്ട് ടെസ്റ്റിങ്, സർവൈലൻസ് ടെസ്റ്റിങ് എന്നിവ നിന്നുപോയ അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് രണ്ടും ഊർജ്ജസ്വലമായി വീണ്ടും ചെയ്താൽ മാത്രമേ രോഗബാധിതരെയും, രോഗസാദ്ധ്യതയുള്ള പ്രദേശങ്ങളേയും തിരിച്ചറിയാനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും സാധിക്കുകയുള്ളു.

വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ നില തുടർന്നാർ ആരോഗ്യ പ്രർത്തകർക്ക് വാക്സിൻ നൽകാൻ തന്നെ മാസങ്ങൾ വേണ്ടിവരും. പൊതുജനങ്ങൾക്കും വാക്സിൻ നൽകേണ്ടതുണ്ട്. ലോക നിലവാരത്തിൽത്തന്നെ വാക്സിൻ നൽകാനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലവിലുള്ള കേരളത്തിൽ സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തിൽ കൂടുതൽ കേന്ദ്രങ്ങൾ അനുവദിച്ച് ത്വരിതഗതിയിൽ വാക്സിനേഷൻ നടത്തണം. ഈ പ്രവർത്തനങ്ങൾക്ക് ഐ.എം.എ. പൂർണ്ണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നു.

കോവിഡിന്റെ മുൻനിര പോരാളികളായ മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ വേതന പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരമുണ്ടാക്കി അവരെ സമരമാർഗ്ഗത്തിൽ നിന്ന് എത്രയും പെട്ടെന്ന് പിന്തിരിപ്പിക്കണമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയാസ്, ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. പി. ഗോപികുമാറും സർക്കാരിനോട് ആവശ്യപ്പെട്ടു.