ന്യൂഡൽഹി: യോഗ ഗുരു ബാബ രാംദേവിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഉത്തരാഖണ്ഡ് യൂണിറ്റ് ആയിരം കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ചു. അലോപ്പതി ചികിത്സയ്ക്കെതിരെയും ഡോക്ടർമാർക്കെതിരെയും രാംദേവ് വിവാദ പരാമർശം നടത്തിയ സാഹചര്യത്തിലാണ് ഈ നോട്ടീസ്.

15 ദിവസത്തിനുള്ളിൽ വിവാദ പരാമർശം രേഖാമൂലം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ 1000 കോടിയുടെ മാനനഷ്ടകേസ് ഫയൽ ചെയ്യുമെന്നാണ് മുന്നറിയിപ്പ്. പരാമർശത്തിൽ വ്യാപക വിമർശനം ഉണ്ടാകുകയും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ പരാമർശം പിൻവലിക്കാൻ ആവശ്യപ്പെട്ട് രാംദേവിന് കത്തയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പരാമർശങ്ങൾ പിൻവലിക്കുന്നുവെന്ന് രാംദേവ് ട്വീറ്റ് ചെയ്യുകയുണ്ടായി. എന്നാൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കാൻ തയ്യാറായിരുന്നില്ല.

രാംദേവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഐഎംഎ പരാതി നൽകിയിട്ടുണ്ട്. അലോപ്പതി മരുന്നുകൾ കാരണം ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്നും ചികിത്സയോ ഓക്സിജനോ ലഭിക്കാതെ മരിച്ചവരേക്കാൾ വളരെ കൂടുതലാണ് അതെന്നും അടുത്തിടെ നടന്ന ഒരു പരിപാടിയിൽ രാംദേവ് പറഞ്ഞിരുന്നു. ഇതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.