ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെ പ്രക്ഷോഭത്തിനിടെ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ ഉടൻ പിൻവലിക്കാമെന്ന് ഉറപ്പുനൽകി കേന്ദ്രസർക്കാർ. പ്രക്ഷോഭം പിൻവലിച്ചാൽ കേസുകൾ ഒഴിവാക്കാമെന്നായിരുന്നു സർക്കാരിന്റെ മുൻ നിലപാട്.

പ്രക്ഷോഭം അവസാനിപ്പിച്ചാൽ മാത്രമേ കേസ് പിൻവലിക്കൂ എന്ന വാദം അംഗീകരിക്കില്ലെന്നു കർഷകർ വ്യക്തമാക്കിയിരുന്നു. കേസുകൾ പിൻവലിച്ചാൽ വീടുകളിലേക്കു മടങ്ങാമെന്നായിരുന്നു കർഷകരുടെ നിലപാട്.

സമരം അവസാനിപ്പിച്ചാൽ കേസുകൾ പിൻവലിക്കാമെന്നാണ് ഇന്നലെ കേന്ദ്രം നൽകിയ ഉറപ്പ്. എന്നാൽ കർഷക സംഘടനകൾ ഈ നിർദ്ദേശം തള്ളിയിരുന്നു. സമരം പിൻവലിക്കും മുമ്പേ ഇക്കാര്യത്തിൽ നടപടി വേണമെന്ന നിലപാടിലാണ് കർഷകർ. സിംഘുവിൽ ചേരുന്ന കിസാൻ മോർച്ച യോഗം കർഷക സമരം അവസാനിപ്പിക്കുമോ എന്നതിൽ നിലപാട് പ്രഖ്യാപിക്കും.

സമരത്തിനിടെ കർഷകർ മരിച്ച സംഭവത്തിൽ പഞ്ചാബ് മോഡൽ നഷ്ടപരിഹാരം വേണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായവും ആശ്രിതരിൽ ഒരാൾക്ക് ജോലിയും നൽകണം. ഇക്കാര്യം ഇന്ന് കേന്ദ്രസർക്കാരുമായുള്ള ചർച്ചയിൽ ഉന്നയിക്കും. യുപി, ഹരിയാന സർക്കാരുകളോട് ഇക്കാര്യം നിർദേശിക്കണം എന്ന് ആവശ്യപ്പെടുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.

സിംഘു, തിക്രി, ഗസ്സിപ്പൂർ എന്നിവിടങ്ങളിലെ കർഷക സമരം മറ്റൊരു തണുപ്പ് കാലത്തിലേക്ക് എത്തി നിൽക്കുമ്പോഴാണ് ചർച്ചകൾ സജീവമാകുന്നത്. കർഷക നിയമങ്ങൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പാർലമെന്റെ്, പിൻവലിക്കൽ ബിൽ പാസാക്കിയതോടെ കാർഷിക നിയമങ്ങൾ റദ്ദായി. പ്രധാന ആവശ്യം അംഗീകരിച്ചതോടെ അതിർത്തിയിലെ ഉപരോധ സമരം തുടരുന്നതിൽ സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.

പഞ്ചാബിലെ 32 സംഘടനകളിൽ ഭൂരിഭാഗവും ഉപരോധ സമരം തുടരുന്നതിനെ എതിർക്കുകയാണ്. സമരരീതി മാറ്റിയില്ലെങ്കിൽ ജനവികാരം എതിരാകുമെന്ന ആശങ്ക ഇവർ ഉന്നയിക്കുന്നു. എന്നാൽ സമരത്തിന് നേതൃത്വം നൽകുന്ന വലിയ സംഘടനകൾക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ട്