ഇസ്ലാമാബാദ്: രാജ്യത്തെ ബലാത്സംഗത്തിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാന്റെ വിവാദ പരാമർശം. ''സ്ത്രീകൾ വളരെ കുറച്ച് മാത്രം വസ്ത്രം ധരിച്ചാൽ പുരുഷന്മാരെ പ്രലോഭിപ്പിക്കും. പുരുഷന്മാർ റോബോർട്ടുകളല്ലല്ലോ. ഇത് സാമാന്യബുദ്ധിയാണ്''-ഇമ്രാൻ ഖാൻ പറഞ്ഞു. ഇമ്രാൻ ഖാന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷവും മാധ്യമപ്രവർത്തകരും സോഷ്യൽമീഡിയയും രംഗത്തെത്തി. നിരവധി പേരാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ സോഷ്യൽമീഡിയയിൽ പ്രതികരിച്ചത്.

ലൈംഗിക അതിക്രമത്തെ ന്യായീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് ഏറെപ്പേരും അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനിൽ ലൈംഗിക അതിക്രമത്തിന് ഇരയായവരെ മോശപ്പെട്ടവരായി ചിത്രീകരിക്കുന്നത് പ്രധാനമന്ത്രി തുടരുകയാണെന്നും ഇത് നിരാശയുളവാക്കുന്നതായും ഇന്റർനാഷണൽ കമ്മീഷൻ ഓഫ് ജൂറിസ്റ്റ് സൗത് ഏഷ്യ ലീഗൽ അഡൈ്വസർ റീമ ഒമർ ട്വീറ്റ് ചെയ്തു.

പർദ്ദ എന്ന ആശയം പ്രലോഭനം ഒഴിവാക്കുന്നതിനാണ്. എന്നാൽ, എല്ലാവർക്കും പ്രലോഭനത്തെ അതിജീവിക്കാനുള്ള ഇച്ഛാശക്തിയില്ലെന്നും പ്രധാനമന്ത്രി മുമ്പ് പറഞ്ഞിരുന്നു.

ബലാത്സംഗവും ലൈംഗിക അതിക്രമവും തടയാനുള്ള എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് പ്രതിപക്ഷം ചോദിച്ചു. പാക്കിസ്ഥാനിൽ ഓരോ 24 മണിക്കൂറിലും 11 ബലാത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ ആറ് വർഷമായി 22000 കേസുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ 0.3 ശതമാനം പ്രതികൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.