തിരുവനന്തപുരം: ശമ്പളം, നിക്ഷേപ പലിശ തുടങ്ങിയവ പോലെ തന്നെ ഒരാളുടെ മറ്റ് സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനും ആദായ നികുതി പരിധിയിലേക്ക് കൊണ്ടു വരാനും നികുതിയുടെ വല വിപൂലീകരിക്കാൻ ഒരുങ്ങി ആദായ നികുതി വകുപ്പ്.

ഇതുവരെ നികുതിദായകരിൽ അധികം പേരും ഓഹരി ഇടപാടുകൾ, വിവിധ സ്രോതസുകളിൽ നിന്ന് ലഭിക്കുന്ന ലാഭ വിഹിതം, മ്യൂച്ചൽ ഫണ്ട് നക്ഷേപങ്ങൾ, പോസ്റ്റ് ഓഫിസിലെ നിക്ഷേപം, തുടങ്ങിയവയെല്ലാം റിട്ടേണിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇക്കാര്യങ്ങളും പരിശോധനയുടെ പരിധിയിൽ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ഏപ്രിൽ ഒന്നു മുതൽ കർശന പരിശോധന ഉറപ്പാക്കാനാണ് ആദായ നികുതി വകുപ്പ് ലക്ഷ്യമിടുന്നത്.

സാധാരണ ഇത്തരം കാര്യങ്ങൾ റിട്ടേണിൽ നികുതിദായകർ ഉൾപ്പെടുത്താറില്ല. കാരണം മറ്റ് നിക്ഷേപങ്ങൾ പോലെയല്ല ഓഹരി രംഗത്തെ പണമിടപാടുകൾ. ഒരു സാമ്പത്തിക വർഷം ഓഹരിയിൽ നിന്ന് ലഭിക്കുന്ന നേട്ടങ്ങളും നഷ്ടവും മറ്റും കണക്കാക്കി റിട്ടേണിൽ നൽകുക എന്നത് ഏറെ സങ്കീർണതകൾ നിറഞ്ഞ കാര്യങ്ങളാണ്. അതുകൊണ്ട് ഇത്തരം പണമിടപാടുകൾ മറച്ചുവയ്ക്കപ്പെടുന്നുവെന്നാണ് ആദായ നികുതി വകുപ്പ് വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ ഇത് സംബന്ധിച്ച വിവരങ്ങളും കൂടി ഉൾപ്പെടുത്തിയുള്ളതായിരിക്കും പുതിയ റിട്ടേൺ ഫോമുകൾ. പോസ്റ്റ് ഓഫീസ്, ബ്രോക്കറേജ് സ്ഥാപനങ്ങളിൽ നിന്നും മറ്റും നിക്ഷേപകരുടെ ഇത്തരം വിവരങ്ങൾ കൂടി ആദായ നികുതി വകുപ്പ് തപ്പിയെടുക്കും. അതുകൊണ്ട് ഇത്തരം വിവരങ്ങൾ ഒഴിവാക്കുക ബുദ്ധിമുട്ടാകും.

ഐ ടി ആർ ഫയലിങ് ലളിതമാക്കുന്നതിന്റെ ഭാഗമായി ഓഹരികളിൽ നിന്ന് ലഭിക്കുന്ന മൂലധന വരുമാനം, ലാഭവിഹിതമായി കിട്ടുന്ന നേട്ടം, പോസ്റ്റ് ഓഫീസുകൾ മറ്റ് ധനകാര്യസ്ഥാപനങ്ങളിൽ നിന്നും മറ്റും ലഭിക്കുന്ന പലിശ വരുമാനം ഇത്തരം വിവരങ്ങൾ ഐ ടി ആർ ഫോമിൽ ഉൾപ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പാൻ നമ്പർ, ബാങ്കുമായി ബന്ധപ്പട്ട വിവരങ്ങൾ, പേര്, അഡ്രസ്, ടിഡിഎസ് തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.