ന്യൂഡൽഹി: ആദായ നികുതി അടയ്ക്കാനും രേഖകൾ അപ്ലോഡ് ചെയ്യാനും റിട്ടേൺ ഫയൽ ചെയ്യാനും ജൂൺ ഏഴ് മുതൽ പുതിയ പോർട്ടൽ ഒരുങ്ങുന്നു. ഉപഭോക്തൃസൗഹൃദം നിറഞ്ഞ പോർട്ടലിൽ സമർപ്പിച്ച രേഖകളും എടുത്തിട്ടുള്ള നടപടികളുമെല്ലാം ഒറ്റ ഡാഷ്‌ബോർഡിൽ കാണാം.

വളരെ വേഗം ടാക്‌സ് റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുമെന്നും റീഫണ്ട് ലഭിക്കുമെന്നും തുടങ്ങി നിരവധി പ്രത്യേകതകളുണ്ട്.

നികുതി റിട്ടേൺ വളരെ വേഗം പരിശോധിച്ച് പ്രതികരണം ലഭിക്കും. റിട്ടേൺ തയാറാക്കാൻ അറിയില്ലെങ്കിൽ അതു വിശദീകരിക്കുന്ന സോഫ്റ്റ്‌വെയറുണ്ട്. നികുതികളെക്കുറിച്ച് ഒന്നും അറിയാത്തവർക്കും ഫയൽ ചെയ്യാം. ഡേറ്റാ എൻട്രി നടത്തി അധികം ബുദ്ധിമുട്ടേണ്ടി വരില്ല.

ഉപഭോക്താവിനു പുതിയ കോൾ സെന്റർ വരും. പൊതുവെ ഉണ്ടാകുന്ന സംശയങ്ങൾക്ക് (എഫ്എക്യു) മറുപടി, റിട്ടേൺ സമർപ്പിക്കാൻ സഹായം, വിശദീകരണ വിഡിയോകൾ, ഏജന്റിന്റെ സഹായം എന്നിവയുമുണ്ട്.

ഡസ്‌ക്ടോപ് കംപ്യൂട്ടറിൽ മാത്രമല്ല ഈ സേവനങ്ങൾക്കായി മൊബൈൽ ആപ്പും ലഭ്യമാവും.

നികുതി തുക അടയ്ക്കണോ. ഓൺലൈനായി അടയ്ക്കാൻ പല മാർഗങ്ങളുണ്ട്. നെറ്റ് ബാങ്കിങ്, യുപിഐ, ക്രെഡിറ്റ് കാർഡ്, എൻഇഎഫ്ടി, ആർടിജിഎസ് തുടങ്ങിയവയിലൂടെ. ഏതു ബാങ്കിലെയും അക്കൗണ്ട് വഴി പണം അടയ്ക്കാം.

പുതിയതിനു മുന്നോടിയായി നിലവിലുള്ള പോർട്ടൽ ജൂൺ 1 മുതൽ 6 വരെ പ്രവർത്തിക്കില്ല.

ഇതിനിടെയിലുള്ള ദിവസങ്ങളിൽ ഒന്നിനും അവസാന തീയതി നിശ്ചയിക്കില്ല. ഇനി നികുതി തർക്ക കേസുകളുടെ ഹിയറിങ് ജൂൺ 10നു ശേഷമേ ഉണ്ടാവൂ. അതിനകം അത്യാവശ്യമായി എന്തെങ്കിലും ചെയ്തു തീർക്കാനുള്ളവർ ജൂൺ ഒന്നിനു മുൻപു ചെയ്യണം.

പുതിയ സംവിധാനം എല്ലാവരും പരിചയിക്കുന്ന ഇടവേളയിൽ ക്ഷമാപൂർവം സഹകരിക്കണമെന്നു സെൻട്രൽ ബ്യൂറോ ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) അഭ്യർത്ഥിച്ചു.