പുണെ: ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ നിലവിൽ 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് എന്ന നിലയിലാണ്. 42 പന്തിൽ 28 റൺസ് എടുത്ത രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ബെൻസ്റ്റോക്‌സിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബട്‌ലറിന് ക്യാച്ച് എടുത്താണ് രോഹിതിനെ പുറത്താക്കിയത്.

ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ ക്രുണാൽ പാണ്ഡ്യയും പ്രസിദ്ധ് കൃഷ്ണയും അരങ്ങേറ്റം കുറിച്ചു. ക്രുണാലിന്റെ ആദ്യ ഏകദിനവും പ്രസിദ്ധിന്റെ ആദ്യ രാജ്യാന്തര മത്സരവുമാണ്.

ടെസ്റ്റ്, ട്വന്റി20 പരമ്പരകൾ സ്വന്തമാക്കിയ ഇന്ത്യ, ഏകദിന പരമ്പര കൂടി നേടി സമ്പൂർണ ആധ്യപത്യം നേടാനാണ് ലക്ഷ്യമിടുന്നത്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ (ട്വന്റി20യിലും ഏകദിനത്തിലും) ഒന്നാം റാങ്കിലുള്ള ടീമാണെങ്കിലും അതിനൊത്ത പ്രകടനം ഇംഗ്ലണ്ടിന് ട്വന്റി20 പരമ്പരയിൽ പുറത്തെടുക്കാനായില്ല. അതു തിരുത്താനാകും അവരുടെ ലക്ഷ്യം.

മധ്യനിരയിൽ ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ എന്നിവർക്ക് വീണ്ടും അവസരം നൽകിയപ്പോൾ സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് എന്നിവരെ പുറത്തിരുത്തി. ഭുവനേശ്വർ കുമാറിനൊപ്പം ഷാർദൂൽ ഠാക്കൂർ ബോളിങ് ഓപ്പൺ ചെയ്യും. പ്രസിദ്ധ് കൃഷ്ണയും പേസ് ബോളർമാരായി ടീമിലുണ്ട്. സ്പിന്നർമാരിൽ യുസ്വേന്ദ്ര ചെഹലിനും വാഷിങ്ടൻ സുന്ദറിനും അവസരം ലഭിച്ചില്ല. പകരം കുൽദീപ് യാദവാണ് ടീമിലുള്ളത്. കൂടാതെ ഓൾറൗണ്ട് മികവുമായി ക്രിണാലും ഹാർദ്ദികും ടീമിലുള്ളത് ഇന്ത്യൻ നിരയ്ക്ക് കൂടുതൽ കരുത്ത് പകരുന്നു.
പ്ലേയിങ് ഇലവൻ

ഇന്ത്യ

രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോലി, കെ. എൽ. രാഹുൽ, ശ്രേയസ് അയ്യർ, ഹാർദ്ദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, ഷാർദൂൽ ഠാക്കൂർ, ഭുവനേശ്വർ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ

ഇംഗ്ലണ്ട്

ജേസൻ റോയ്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്‌സ്, ഒയിൻ മോർഗൻ, ജോസ് ബട്ലർ, സാം ബില്ലിങ്‌സ്, മൊയീൻ അലി, സാം കറൻ, ടോം കറൻ, ആദിൽ റാഷിദ്, മാർക് വുഡ്