ന്യൂഡൽഹി: ഓരോ യുദ്ധവും രാജ്യങ്ങൾക്ക് നൽകുന്നത് ഓരോ പാഠങ്ങളാണ്. റഷ്യ യുക്രൈനിൽ ആക്രമണം നടത്തിയപ്പോൾ യുക്രൈന്റെ ഭാഗത്ത് വലിയ ചെറുത്തു നിൽപ്പു തന്നെ ഉണ്ടായിൽ. നിരവധി റഷ്യൻ ടാങ്കുകൾ യുക്രൈൻ നശിപ്പിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ ഇന്ത്യയും സ്വന്തം സൈനിക ബലം ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ്. ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ അയവില്ലാതിരിക്കെ, പ്രതിരോധം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ കരസേനയും വ്യോമസേനയും.

അത്യാധുനിക ഇസ്രയേലി ടാങ്ക്വേധ മിസൈലുകൾ സൈന്യത്തിന്റെ ഭാഗമാക്കാനാണ് നീക്കം. രണ്ട് വർഷമായി ഇന്ത്യാചൈന സംഘർഷം നിലനിൽക്കുന്നതിനാലാണ് തീരുമാനം. 'ടാങ്ക് കില്ലർ' എന്ന് വിളിക്കുന്ന ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ (എടിജിഎംഎസ്) അടിയന്തര പ്രാധാന്യത്തോടെ വാങ്ങുന്നതിനാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് മിസൈൽ വാങ്ങുന്നതിന് നീക്കം ആരംഭിച്ചത്. സംഘർഷം അയയാത്ത സാഹചര്യത്തിൽ നടപടികൾ ത്വരിതഗതിയിലാക്കി.

റഷ്യയുക്രെയ്ൻ യുദ്ധത്തിൽ ഇത്തരം മിസൈലുകൾ കൂടുതലായി ഉപയോഗിച്ചതാണ് ഇന്ത്യയെ മിസൈലുകൾ വാങ്ങൽ വേഗത്തിലാക്കാൻ പ്രേരിപ്പിച്ചത്. യുഎസ് നിർമ്മിത ജാവലിൽ എടിജി മിസൈൽ, വെസ്റ്റേൺ െനക്സ്റ്റ് ജനറേഷൻ ലൈറ്റ് ആന്റി ടാങ്ക് ലൈറ്റ് മിസൈൽ (എൻഎൽഎഡബ്ല്യു) എന്നിവ ഉപയോഗിച്ചാണ് റഷ്യൻ സൈന്യത്തെ യുക്രെയ്ൻ വ്യാപകമായി നശിപ്പിച്ചത്.

ഇസ്രയേൽ നിർമ്മിത സ്‌പൈക് എടിജിഎംഎസ് മാരക ശേഷിയുള്ളതാണ്. 5.5 കിലോമീറ്റർ പരിധിയിൽ ആക്രമിക്കാൻ ശേഷിയുണ്ട്. ഒരിക്കൽ റദ്ദാക്കിയ കരാർ വീണ്ടും പൊടിതട്ടി എടുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇസ്രയേലിൽനിന്നു 3250 കോടി രൂപയ്ക്കു സ്‌പൈക് ആന്റി ടാങ്ക് മിസൈലുകൾ വാങ്ങാനുള്ള പദ്ധതിയിൽനിന്ന് നേരത്തെ ഇന്ത്യ പിന്മാറിയിരുന്നു. ഇത് ് ഇന്ത്യയ്ക്ക് വൻ തിരച്ചടിയാകുമെന്ന് വിദഗ്ധരുടെ നിരീക്ഷണങ്ങളും അന്ന് പുറത്തുവന്നിരുന്നു.

1,600 സ്‌പൈക് ആന്റിടാങ്ക്വേധ മിസൈലുകൾ വാങ്ങാനായുള്ള 3250 കോടി രൂപയുടെ കരാറാണ് റദ്ദക്കിയത്. ഇസ്രയേലിലെ റഫേൽ അഡ്വാൻസ് ഡിഫൻസ് സിസ്റ്റവുമായിട്ടായിരുന്നു ഉടമ്പടി. എന്നാൽ ഇത്തരം മിസൈലുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാമെന്ന തീരുമാനവുമായി മുന്നോട്ടു പോകുകയായിരുന്നു സർക്കാർ. പ്രതിരോധ ഗവേഷണ വികസന സംഘ(ഡിആർഡിഒ)ത്തിന്റെ കീഴിൽ തന്നെ മിസൈലുകൾ നിർമ്മിക്കാൻ തുടങ്ങിയിട്ടുമുണ്ട്. വിദേശത്തുനിന്ന് മിസൈൽ ഇറക്കുമതി ചെയ്യുന്നത് ഡിആർഡിഒയുടെ തദ്ദേശീയ ആയുധ വികസനത്തെ ബാധിക്കുമെന്ന് കണ്ടാണ് ഇന്ത്യ അന്ന് പിന്മാറിയത്. എന്നാൽ, ഇപ്പോൾ ഈ തീരുമാനം തിരുത്തുകയും ചെയ്യുന്നു.

അതിർത്തിയിൽ പാക് സേനയെ നേരിടാൻ ഇതിലും മികച്ച ആയുധം ഇല്ലെന്നും ഇവർ വാദിക്കുന്നു. ചൈനയിൽ നിന്നു ഇറക്കുമതി ചെയ്ത, മൂന്നു മുതൽ നാലു കിലോമീറ്റർ പരിധിയിൽ പ്രയോഗിക്കാൻ ശേഷിയുള്ള മിസൈലുകൾ പാക്കിസ്ഥാന്റെ കൈവശമുണ്ട്. എന്നാൽ ഇന്ത്യയുടെ കൈവശമുള്ള ഇത്തരം മിസൈലുകളുടെ പരിധി കേവലം രണ്ടു കിലോമീറ്ററാണ്. പാക്കിസ്ഥാന്റെ കൈവശമുള്ള ചൈനീസ് നിർമ്മിത എച്ച്‌ജെ8 എന്ന മിസൈലിന്റെ പരിധി മൂന്നു മുതൽ നാലു കിലോമീറ്ററാണ്. ടി90 ടാങ്കുകളെ വരെ തകർക്കാൻ ഈ മിസൈലിന് സാധിക്കും. ഇതിനു ബദലായി ഇന്ത്യയുടെ കൈവശമുള്ളത് രണ്ട് കിലോമീറ്റർ റേയ്ഞ്ചുള്ള ഫ്രഞ്ച്ജർമ്മൻ നിർമ്മിത മിലാൻ 2ടി അല്ലെങ്കിൽ റഷ്യൻ നിർമ്മിത 9എം113 കൊങ്കേർസ് മിസൈലാണ്. എന്നാൽ ഇന്ത്യയുടെ കൈവശമുള്ള നാഗിന്റെ പരിധി എട്ടു കിലോമീറ്ററാണ്.

പൂർണമായും തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ മൂന്നാം തലമുറ മിസൈലാണ് നാഗ്. കരയാക്രമണത്തിൽ സൈന്യത്തിന് മുതൽകൂട്ടാകുന്ന ആയുധമാണിത്. ടാങ്കുകളെ തകർക്കാനുള്ള ഏറ്റവും കരുത്തേറിയ മിസൈൽ ആണ് ഇത്. ശത്രുക്കളുടെ അത്യാധുനിക ടാങ്കുകളേയും കവചിത വാഹനങ്ങളേയും തകർക്കാൻ പാകത്തിനാണ് നാഗിന്റെ രൂപകൽപ്പന. മിസൈൽ വഹിക്കുന്ന പ്രത്യേക വാഹനമാണ് നാഗിനെ നിയന്ത്രിക്കുന്നത്. നാലു മുതൽ ഏഴ് കിലോമീറ്റർ വരെ ദൂരത്തുള്ള ലക്ഷ്യങ്ങളാണ് ഭേദിക്കുക. നേരിട്ട് യുദ്ധഭൂമിയിൽ ഉപയോഗിക്കാനുള്ള മിസൈലുകളാണ് നാഗെന്നും ഡിആർഡിഒ വ്യക്തമാക്കി.

ഏത് കാലാവസ്ഥയിലും നാഗ് മിസൈലുകൾ പ്രയോഗിക്കാനാകും. തെർമ്മൽ ഇമേജിങ് റഡാറിന്റെ സഹായത്തോടെ ലക്ഷ്യം നിർണയിച്ച് ആക്രമണം നടത്തുകയാണ് മിസൈൽ ചെയ്യുന്നത്. 1980കളിൽ ഇന്ത്യ തയ്യാറാക്കിയ അഞ്ച് മിസൈൽ പദ്ധതികളിൽ ഒന്നാണ് നാഗ്. അഗ്‌നി, പ്രിഥ്വി, ആകാശ്, ത്രിശൂൽ എന്നിവയാണ് മറ്റുള്ളവ. ഇതിൽ ത്രിശൂൽ പദ്ധതി പിന്നീട് ഉപേക്ഷിച്ചു. മറ്റ് മൂന്ന് മിസൈലുകളും ഇപ്പോൾ സൈന്യത്തിന്റെ ഭാഗമാണ്.

രണ്ടര കിലോമീറ്ററിനപ്പുറത്തേക്ക് പ്രയോഗിക്കുന്ന ചെറു മിസൈലുകൾ വേണമെന്ന ഇന്ത്യൻ കരസേനയുടെ ആവശ്യമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നത്. നിലവിലുള്ളത് മിലൻ 2ടിയും കോൺകൂർ മിസൈലുമാണ്. 300 നാഗ് മിസൈലുകളും 24 മിസൈൽ വിക്ഷേപണ വാഹനങ്ങളും വാങ്ങാൻ കരസേനയ്ക്ക് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരിക്കുകയാണ്. ഇസ്രയേൽ നിർമ്മിതമായ സ്പൈക്ക് ടാങ്ക് വേധ മിസൈലുകൾ നിലവിൽ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് നാഗ് സൈന്യത്തിന് കൈമാറുന്നതോടെ ഇനി അത്തരം മിസൈലുകൾ ഇറക്കുമതി ചെയ്യേണ്ടി വരില്ല. ടാങ്കുകൾ ആക്രമിച്ച് തകർക്കാൻ ശേഷിയുള്ള ഇത്തരം മിസൈലുകൾ കൈവശമുള്ളത് ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമാണ്. 524 കോടി രൂപ ചെലവിട്ടാണ് നാഗ് മിസൈലുകൾ വികസിപ്പിച്ചത്.