കാൺപുർ: ഇന്ത്യക്കെതിരായ കാൺപൂർ ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസീലൻഡിന് 284 റൺസ് വിജയലക്ഷ്യം. ഇന്ത്യ രണ്ടാം ഇന്നിങ്സ് ഏഴു വിക്കറ്റിന് 234 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഒന്നാം ഇന്നിങ്സിൽ കിവീസിനെ 296 റൺസിന് പുറത്താക്കിയ ഇന്ത്യ 49 റൺസ് ലീഡ് സ്വന്തമാക്കിയിരുന്നു.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ന്യൂസിലൻഡിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. ഓപ്പണർ വിൽ യംഗിന്റെ വിക്കറ്റ് നഷ്ടമായി. ആറ് പന്തിൽ രണ്ട് റൺസ് എടുത്ത് നിൽക്കെ ആർ അശ്വിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. നാലാം ദിനം കളി നിർത്തുമ്പോൾ കിവീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ നാല് റൺസ് എന്ന നിലയിലാണ്. രണ്ട് റൺസുമായി ലാഥവും സ്‌കോർബോർഡ് തുറക്കാതെ കെയ്ൻ വില്യംസണുമാണ് ക്രീസിൽ.ഒരു ദിവസവും ഒൻപത് വിക്കറ്റും ശേഷിക്കെ കിവീസിന് ജയിക്കാൻ 280 റൺസ് നേടണം. ഇന്ത്യയ്ക്ക് ഒൻപത് വിക്കറ്റും

ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സിൽ അർധ സെഞ്ചുറിയുമായി ശ്രേയസ് അയ്യർ മാസ്റ്റർ ക്ലാസ് പുറത്തെടുത്തതാണ് ബാറ്റിങ് തകർച്ചയിൽ നിന്നും ഇന്ത്യയെ കരകയറ്റിയത്. 51 റൺസെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ ആറാം വിക്കറ്റിൽ ഒന്നിച്ച ശ്രേയസ് അയ്യർ - ആർ. അശ്വിൻ സഖ്യമാണ് രക്ഷിച്ചത്. ഇരുവരും ആറാം വിക്കറ്റിൽ 52 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. ശ്രേയസ് 125 പന്തിൽ 65 റൺസ് നേടി. എട്ടു ഫോറും ഒരു സിക്സും ബാറ്റിൽ നിന്ന് പിറന്നു.

62 പന്തുകൾ നേരിട്ട് 32 റൺസെടുത്താണ് രവിചന്ദ്രൻ അശ്വിൻ പുറത്തായത്. ജാമിസന്റെ പന്തിൽ നിർഭാഗ്യകരമായാണ് താരം പുറത്തായത്. അശ്വിന്റെ ബാറ്റിൽ തട്ടിയ പന്ത് പഡിലിടിച്ച് വിക്കറ്റിൽ പതിക്കുകയായിരുന്നു.

പിന്നാലെ വാലറ്റവും തിളങ്ങിയപ്പോൾ ന്യൂസിലൻഡിന് മുന്നിൽ 284 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം വച്ചുനീട്ടി ടീം ഇന്ത്യ. 49 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യ 234-7 എന്ന നിലയിൽ ഡിക്ലെയർ ചെയ്തു. രണ്ടാം ഇന്നിങ്സിലും ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. വൃദ്ധിമാൻ സാഹ അർധ സെഞ്ചുറി നേടി.

ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 345 റൺസിൽ പുറത്തായപ്പോൾ ശ്രേയസ് 171 പന്തിൽ 105 റൺസെടുത്തിരുന്നു. ഇതോടെ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന 16-ാമത്തെ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമായി. ശുഭ്മാൻ ഗിൽ(52), രവീന്ദ്ര ജഡേജ(50) എന്നിവരുടെ ഇന്നിങ്സിലും ഇന്ത്യക്ക് തുണയായി. നായകൻ അജിങ്ക്യ രഹാനെ 35 റൺസിൽ വീണു. ന്യൂസിലൻഡിനായി ടിം സൗത്തി അഞ്ചും കെയ്ൽ ജാമീസൺ മൂന്നും അജാസ് പട്ടേൽ രണ്ടും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിൽ അക്സർ പട്ടേലിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നിൽ ന്യൂസിലൻഡ് 296ൽ പുറത്തായി. കിവീസ് ഓപ്പണർമാരുടെ സെഞ്ചുറി കൂട്ടുകെട്ട് പൊളിച്ച് മൂന്നാം ദിനം ശക്തമായ തിരിച്ചുവരവ് കാഴ്ചവെക്കുകയായിരുന്നു ഇന്ത്യൻ ബൗളർമാർ. ഓപ്പണർമാരായി ഇറങ്ങി 95 റൺസെടുത്ത ടോം ലാഥമും 89 റൺസെടുത്ത വിൽ യങ്ങും മാത്രമാണ് കിവീസ് നിരയിൽ പിടിച്ചുനിന്നത്. ഓൾറൗണ്ടർ കെയ്ൽ ജാമീസൺ 23 റൺസ് നേടി. അക്സറിന്റെ അഞ്ചിന് പുറമെ രവിചന്ദ്ര അശ്വിൻ മൂന്നും ഉമേഷ് യാദവും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റും വീഴ്‌ത്തി.

ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ മായങ്ക് അഗർവാൾ 17നും ശുഭ്മാൻ ഗിൽ ഒന്നിനും ചേതേശ്വർ പൂജാര 22നും അജിങ്ക്യ രഹാനെ നാലിനും വീണപ്പോൾ 125 പന്തിൽ 65 റൺസുമായി രണ്ടാം ഇന്നിങ്സിലും ശ്രേയസ് പ്രതിഭ കാട്ടി. രണ്ടിന്നിങ്സിലും സൗത്തിക്കായിരുന്നു അയ്യരുടെ വിക്കറ്റ്. പൂജാരയും(22), രഹാനെയും(4) വീണ്ടും നാണക്കേടായി. ആദ്യ ഇന്നിങ്സിൽ അർധ സെഞ്ചുറി നേടിയ ജഡേജ പൂജ്യത്തിലും മടങ്ങി. ശ്രേയസിന്റെ ഒപ്പം രക്ഷാപ്രവർത്തനം നടത്തിയ ആർ അശ്വിന്റെ 35 റൺസ് നിർണായകമായി.

ഇതോടൊപ്പം വാലറ്റത്ത് വൃദ്ധിമാൻ സാഹ-അക്സർ പട്ടേൽ സഖ്യം ഇന്ത്യൻ ലീഡ് 250 കടത്തി. ഇന്ത്യ 234-7 എന്ന നിലയിൽ ഡിക്ലെയർ ചെയ്യുമ്പോൾ സാഹ 126 പന്തിൽ 61 ഉം അക്സർ 67 പന്തിൽ 28 ഉം റൺസുമായി പുറത്താകാതെ നിന്നു. ന്യൂസീലൻഡിനായി ടിം സൗത്തിയും കെയ്ൽ ജമെയ്സണും മൂന്നു വിക്കറ്റ് വീതം നേടി.