മുംബൈ: ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 221 റൺസെന്ന നിലയിലാണ്. കരിയറിലെ നാലാം ടെസ്റ്റ് സെഞ്ചുറി നേടിയ ഓപ്പണർ മായങ്ക് അഗർവാളാണ് ബാറ്റിങ് തകർച്ചയിൽ നിന്നും ഇന്ത്യയെ കരകയറ്റിയത്. 246 പന്തുകൾ നേരിട്ട മായങ്ക് നാലു സിക്സും 14 ഫോറുമടക്കം 120 റൺസുമായി ക്രീസിലുണ്ട്. വൃദ്ധിമാൻ സാഹയാണ് (25*) മായങ്കിനൊപ്പം ക്രീസിൽ. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും 61 റൺസ് ചേർത്തിട്ടുണ്ട്.

മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് നാല് വിക്കറ്റുകൾ നഷ്ടമായെങ്കിലും കളി നിർത്തുമ്പോൾ സ്‌കോർബോർഡിൽ 221 റൺസുണ്ട്. ഇന്ത്യയുടെ നാല് വിക്കറ്റ് വീഴ്‌ത്തിയതും അജാസ് പട്ടേലാണ്.

മഴ കാരണം ഔട്ട്ഫീൽഡ് നനഞ്ഞതിനെ തുടർന്ന് വൈകിയാണ് ആദ്യ ദിനത്തിലെ മത്സരം ആരംഭിച്ചത്. 70 ഓവറുകൾ മാത്രമാണ് ആദ്യ ദിനം ബൗൾ ചെയ്യാനായത്. വാങ്കെഡെയിൽ അഞ്ചു വർഷത്തിനു ശേഷം നടക്കുന്ന ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും മായങ്ക് അഗർവാളും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 80 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്. 71 പന്തുകളിൽ നിന്ന് ഒരു സിക്സും ഏഴു ഫോറുമടക്കം 44 റൺസെടുത്ത ഗില്ലിനെ പുറത്താക്കി അജാസ് പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ 80 റൺസെടുത്തിരുന്നു ഇന്ത്യ. എന്നാൽ അതേ സ്‌കോറിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഗില്ലാണ് ആദ്യം മടങ്ങിയത്. അജാസിന്റെ പന്തിൽ സ്ലിപ്പിൽ റോസ് ടെയ്ലർക്ക് ക്യാച്ച്. തൊട്ടടുത്ത ഓവറിൽ പൂജാരയേയും അജാസ് മടക്കി. അഞ്ച് പന്ത് മാത്രമായിരുന്നു പൂജാരയ്ക്ക് ആയുസ്. അജാസിന്റെ പന്തിൽ താരം ബൗൾഡായി. ചെറിയ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ കോലിയും നിരാശപ്പെടുത്തി. നേരിട്ട നാലാം പന്തിൽ തന്നെ താരം വിക്കറ്റിന് മുന്നിൽ കുടുങ്ങി.

പിന്നീട് 30-ാം ഓവർ എറിയാനെത്തിയ അജാസ് ഇന്ത്യയ്ക്ക് ഇരട്ട തിരിച്ചടിയാണ് നൽകിയത്. ഓവറിലെ രണ്ടാം പന്തിൽ ചേതേശ്വർ പൂജാരയെ (0) ബൗൾഡാക്കിയ താരം ആറാം പന്തിൽ ക്യാപ്റ്റൻ വിരാട് കോലിയേയും (0) മടക്കി. തനിക്കെതിരായ എൽ.ബി.ഡബ്ല്യു അപ്പീൽ കോലി റിവ്യൂ ചെയ്തിട്ടും ഫലമുണ്ടായില്ല.

മുൻനിര താരങ്ങൾ നിരാശപ്പെടുത്തിയെങ്കിലും മായങ്കിന്റെ സെഞ്ചുറി ഇന്ത്യക്ക് ആശ്വാസമായി. താരത്തിന്റെ നാലാം സെഞ്ചുറിയാണിത്. മൂന്ന് 80 എന്ന നിലയിൽ തകർന്ന ഇന്ത്യയെ മായങ്ക്- ശ്രേയസ് അയ്യർ (18) കൂട്ടുകെട്ടാണ് രക്ഷിച്ചത്. ഇരുവരും 80 റൺസ് കൂട്ടിച്ചേർത്തു. നാല് സിക്സും 14 ഫോറും അടങ്ങുന്നതായിരുന്നു മായങ്കിന്റെ ഇന്നിങ്സ്. ശ്രേയസിനെ അജാസ് മടക്കിയെങ്കിലും സാഹയുമൊത്ത് ഉറച്ചുനിന്ന മായങ്ക് ആദ്യദിവസം പൂർത്തിയാക്കി. ഇരുവരും ഇതുവരെ 61 റൺസ് ഇന്ത്യൻ ടോട്ടലിനോട് ചേർത്തു.

മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. ഇഷാന്ത് ശർമ, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ എന്നിവർക്ക് പകരം മുഹമ്മദ് സിറാജ്, ശ്രേയസ്സ് അയ്യർ, ജയന്ത് യാദവ് എന്നിവർ ടീമിൽ ഇടംപിടിച്ചു. ന്യൂസീലൻഡിൽ നായകൻ കെയ്ൻ വില്യംസണ് പകരം ഡാരിൽ മിച്ചൽ ടീമിലിടം നേടി. ടോം ലാഥമാണ് ടീമിനെ നയിക്കുന്നത്.