മുംബൈ: ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിന ടീമുകളെ മിതാലി രാജ് തന്നെ നയിക്കും. ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ ഹർമൻപ്രീത് കൗറാണ് നയിക്കുക. രണ്ട് പുതുമുഖങ്ങളും ട്വന്റി 20 ടീമിൽ ഇടം നേടി. രേണുകാ സിങ്, യാസ്തിക ഭാട്ടിയ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.

സ്മൃതി മന്ദാന, ദീപ്തി ശർമ, ഷഫാലി വർമ, ജൂലൻ ഗോസാമി, ജെമീമ റോഡ്രിഗസ് എന്നിവരും ടീമിലെ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ച പ്രിയ പൂനിയ, ഇന്ദ്രാണി റോയ്, മീഡിയം പേസർ അരുന്ധതി റെഡ്ഡി, സ്പിന്നർ രാധാ യാദവ് എന്നിവർക്ക് ടെസ്റ്റ് ടീമിൽ സ്ഥാനം നിലനിർത്താനായില്ല. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ തിളങ്ങിയ സ്‌നേഹ് റാണ മൂന്ന് ടീമിലും ഇടം നേടി.

ഓസ്ട്രേലിയക്കെതിരെ പെർത്തിൽ ഡേ നൈറ്റ് ടെസ്റ്റിലും മൂന്ന് വീതം ഏകദിനങ്ങളിലും  ട്വന്റി20യിലുമാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ കളിക്കുക. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 11 വരെയാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പര.