മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ഓൾ റൗണ്ടറായിരുന്ന ശ്രേയസ് ഗോപാൽ വിവാഹിതനായി. ബിസിനസുകാരിയായ നിഖിതയെയാണ് ശ്രേയസ് ജീവിത സഖിയാക്കിയത്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു.

വിവാഹത്തിന്റെ ചിത്രങ്ങൾ ശ്രേയസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടേയും വിവാഹനിശ്ചയം ഈ വർഷം ആദ്യം കഴിഞ്ഞിരുന്നു.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായ ശ്രേയസ് ഈ സീസണിൽ മൂന്നു മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ഏഴ് റൺസ് നേടിയ താരത്തിന് വിക്കറ്റൊന്നും വീഴ്‌ത്താൻ കഴിഞ്ഞിരുന്നില്ല. 2014 മുതൽ ഐപിഎല്ലിൽ കളിക്കുന്ന താരം 48 മത്സരങ്ങളിൽ നിന്ന് 171 റൺസും 48 വിക്കറ്റും നേടി. 24 റൺസാണ് ഏറ്റവുമുയർന്ന സ്‌കോർ.

2014-ൽ മുംബൈ ഇന്ത്യൻസിൽ അരങ്ങേറ്റം കുറിച്ച താരം നാല് സീസണിൽ ടീമിനൊപ്പം കളിച്ചു. 2018-ൽ രാജസ്ഥാൻ റോയൽസിലെത്തി. 2019-ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഹാട്രിക് നേടി. വിരാട് കോലിയേയും എബി ഡിവില്ലിയേഴ്സിനേയും മാർക്കസ് സ്റ്റോയ്ൻസിനേയുമാണ് 28-കാരൻ പുറത്താക്കിയത്.