ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആകാശ്-എസ് വ്യോമപ്രതിരോധ മിസൈൽ സംവിധാനത്തിന്റെ രണ്ട് യൂണിറ്റുകളും 25 അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും (എ.എൽ.എച്ച്.) വാങ്ങാൻ കരസേന പ്രതിരോധമന്ത്രാലയത്തിനു നിർദ്ദേശം സമർപ്പിച്ചു. ഡി.ആർ.ഡി.ഒ, എച്ച്.എ.എൽ എന്നിവയുമായുള്ള 14,000 കോടി രൂപയുടെ ഇടപാടാണിത്.

ആകാശ് മിസൈലിന്റെ പരിഷ്‌കരിച്ച പുതിയ പതിപ്പാണ് ആകാശ്-എസ്. 25-30 കിലോമീറ്റർവരെ ദൂരപരിധിയിലുള്ള ശത്രു വിമാനങ്ങളും ക്രൂസ് മിസൈലുകളും തകർക്കാൻ ഇതിന് ശേഷിയുണ്ട്. ലഡാക്കിലേതുപോലുള്ള അതിശൈത്യ കാലാവസ്ഥയിലും ഇവ പ്രവർത്തിക്കും. ചൈന, പാക്കിസ്ഥാൻ അതിർത്തിമേഖലയിലും പർവതമേഖലയിലും കരസേനയ്ക്ക് ഇവ ഉപയോഗിക്കാനാവും. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ. വികസിപ്പിച്ച ഈ മിസൈൽ സംവിധാനം ഇപ്പോൾ സേനകളുടെ ഭാഗമാണ്. ഇതിന്റെ കൂടുതൽ പരിഷ്‌കരിച്ച പതിപ്പുകൾ ഡി.ആർ.ഡി.ഒ. ആലോചിക്കുന്നുണ്ട്.

25 എ.എൽ.എ. ധ്രുവ് മാർക്ക് 3 ഹെലികോപ്റ്ററുകളാണ് കരസേന വാങ്ങുന്നത്. കരസേനയ്ക്ക് ഇപ്പോഴുള്ള എ.എൽ.എച്ച്. ധ്രുവ് ഹെലികോപ്റ്ററുകൾ കൂടാതെയാണിത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡാണ് ഇവയുടെ നിർമ്മാതാക്കൾ.പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള സമിതി ഇതിന് വൈകാതെ അനുമതി നൽകുമെന്ന് സർക്കാർ കേന്ദ്രങ്ങൾ അറിയിച്ചു. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് ഊർജം പകരുന്ന നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്.