മൂംബൈ: 9 കോടിയുടെ ആഡംബര കാർ സ്വന്തമാക്കിയിരിക്കുകയാണ് പ്രമുഖ ഇന്ത്യൻ വ്യവസായി കുമാർ മംഗലം ബിർള. റോൾസ് റോയിസിന്റെ രണ്ടാം തലമുറ ഗോസ്റ്റ് എക്സ്റ്റന്റഡ് വീൽബേസ് മോഡലാണ് ബിർള സ്വന്തമാക്കിയത്.മുംബൈയിലാണ് ബിർളയുടെ വാഹനം കണ്ടെത്തിയത്. 7.95 കോടിയാണ് ഇതിന്റെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില. എന്നാൽ നികുതിയും മറ്റ് കസ്റ്റമൈസേഷനുകളും വരുത്തി നിരത്തിലെത്തുമ്പോൾ ഏകദേശം ഒമ്പത് കോടി രൂപയായിരിക്കും റോൾസ് റോയിസ് ഗോസ്റ്റ് ഇഡബ്ല്യുബി പതിപ്പിന്റെ വിലയെന്നാണ് റിപ്പോർട്ട്.

ഗോസ്റ്റിന്റെ റെഗുലർ പതിപ്പിനെക്കാൾ 170 എം.എം. അധിക നീളവും 40 കിലോഗ്രാം അധിക ഭാരവുമുണ്ട് ഇ.ഡബ്ല്യു.ബി. പതിപ്പിന്. 6.75 ലിറ്റർ വി12 പെട്രോൾ എൻജിനാണ് റോൾസ് റോയിസ് ഗോസ്റ്റ് ഇ.ഡബ്ല്യു.ബിയുടെത്. ഈ എൻജിൻ 563 ബിഎച്ച്പി പവറും 850 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനൊപ്പം ഓൾ വീൽ ഡ്രൈവ് സംവിധാനവും വാഹനത്തിലുണ്ട്.

റോൾസ് റോയ്‌സിന്റെ 116 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വിജയകരമായ മോഡലാണ് ഗോസ്റ്റ്. 2009 ൽ വിപണിയിൽ എത്തിയതു മുതൽ റോൾസ് റോയ്‌സ് ഗോസ്റ്റ് താരമാണ്. ഇതിനെ വെല്ലുന്നതായിരുന്നു രണ്ടാം തലമുറ ഗോസ്റ്റ്.