ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർമാരുടെ നിലപാടുകളെ ചോദ്യം ചെയ്ത് മുൻ വിക്കറ്റ് കീപ്പറും നാഷണൽ സെലക്ടറുമായിരുന്ന സാബാ കരീം.

ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറയെ സെലക്ടർമാർ ഉൾപ്പെടുത്തിയത് ഫോം നോക്കിയല്ലെന്നും ബുംറയുടെ പ്രശസ്തി കണക്കിലെടുത്തുമാണെന്ന് കരീം ആരോപിച്ചു.

സെലക്ടർമാർ ഒരുപരിധി വരെ ബുംറയുടെ പ്രശസ്തിയാണ് പരിഗണിച്ചത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഫോം വിലയിരുത്തിയില്ല. ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റതു മുതൽ ബുംറ ടെസ്റ്റ് കളിച്ചിട്ടില്ല. ട്വന്റി-20 മാത്രമാണ് അടുത്തിടെ കളിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ താരം കളിച്ചിരുന്നില്ല. ടെസ്റ്റിൽ ഫോമില്ലാതെ കഷ്ടപ്പെടുന്നതിനൊപ്പം പരിശീലനും നടത്തിയില്ല.' സാബാ കരീം വ്യക്തമാക്കുന്നു.

എന്നാൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ബുംറ കളിച്ചിരുന്നു. ഇതു അവഗണിച്ചാണ് കരീമിന്റെ പരാമർശം. ചെന്നൈയിൽ നടന്ന ടെസ്റ്റിൽ ഇന്ത്യൻ പേസർ നാല് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്തു.

അനുകൂലമായ കാലാവസ്ഥ ആയിട്ടും ടെസ്റ്റ് ക്രിക്കറ്റിൽ താളം കണ്ടെത്താൻ ബുംറയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും വേണ്ട ലെങ്ത് കണ്ടെത്താൻ താരത്തിന് കഴിയുന്നില്ലെന്നും സാബാ കരീം കൂട്ടിച്ചേർത്തു.

അതേ സമയം ടീം ഇന്ത്യ പരാജയപ്പെട്ടതിന്റെ കാരണമായി മൂന്ന് കാര്യങ്ങളാണ് ഓസ്‌ട്രേലിയൻ മുൻതാരവും ഇതിഹാസ ഫിനിഷറുമായ മൈക്കൽ ബെവൻ ചൂണ്ടിക്കാണിക്കുന്നത്.

1. ഇംഗ്ലീഷ് സാഹചര്യങ്ങളിൽ പ്രാക്ടീസ് മത്സരങ്ങളുടെ കുറവ് ഇന്ത്യക്കുണ്ടായിരുന്നു.

2. സാഹചര്യങ്ങൾ ഇന്ത്യൻ ബൗളർമാരേക്കാൾ ന്യൂസിലൻഡ് സ്വിങ് ബൗളർമാർക്ക് അനുയോജ്യമായിരുന്നു.

3. അവസാന ദിനത്തിലേക്ക് എത്തുമ്പോൾ സമനിലയോ തോൽവിയോ മാത്രമേ നേരിടാൻ കഴിയൂ എന്നത് കൂടുതൽ സമ്മർദം ഇന്ത്യൻ ബാറ്റ്‌സ്മാന്മാരിലുണ്ടായി.

സതാംപ്ടണിലെ റോസ് ബൗളിൽ നടന്ന ഇന്ത്യ-ന്യൂസിലൻഡ് കലാശപ്പോരിൽ ബൗളിങ് മേധാവിത്വവുമായാണ് കിവികൾ കിരീടമുയർത്തിയത്. കെയ്ൽ ജാമീസൺ, ടിം സൗത്തി, ട്രെൻഡ് ബോൾട്ട് എന്നിവർക്ക് പിച്ചിന്റെ സ്വിങ് മുതലാക്കാനായി. ആദ്യ ഇന്നിങ്‌സിലെ അഞ്ച് വിക്കറ്റ് പ്രകടനമുൾപ്പടെ ഏഴ് വിക്കറ്റുമായി ജാമീസൺ കളിയിലെ താരമായി. അതേസമയം ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുമ്രക്ക് പോലും കാര്യമായി ഒന്നും ചെയ്യാനായില്ല.

പരിശീലന മത്സരം കളിക്കാതെ സ്‌ക്വാഡിലെ താരങ്ങൾ തമ്മിൽ സന്നാഹ മത്സരം മാത്രം കളിച്ചാണ് ടീം ഇന്ത്യ ഫൈനലിന് ഇറങ്ങിയത്. അതേസമയം ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പര കളിച്ച് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടായിരുന്നു കിവികളുടെ വരവ്. ഒന്നെങ്കിൽ സമനില, അല്ലെങ്കിൽ തോൽവി എന്ന സമ്മർദത്തിലേക്ക് അവസാന ദിനം കോലിപ്പട എത്തുകയും ചെയ്തു.

കലാശപ്പോരിൽ കോലിപ്പടയെ എട്ട് വിക്കറ്റിന് കീഴ്പ്പെടുത്തിയാണ് കെയ്ൻ വില്യംസണിന്റെ നേതൃത്വത്തിലുള്ള ന്യൂസിലൻഡ് കപ്പുയർത്തിയത്. സ്‌കോർ: ഇന്ത്യ 217 & 170, ന്യൂസിലൻഡ് 249 & 140/2. രണ്ടാം ഇന്നിങ്സിൽ 139 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (52*), റോസ് ടെയ്ലർ (47*) എന്നിവർ പുറത്താകാതെ നിന്നു.