ന്യൂഡൽഹി: ഇന്ത്യയെ തൊട്ടുകളിച്ച പാക്കിസ്ഥാന് ഇന്നലെ ഉണ്ടായത് കനത്ത നഷ്ടം. ജമ്മു കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ ഭയന്നു വിറച്ച പാക്കിസ്ഥാൻ സൈന്യത്തിന് ഇന്നലെ ഉണ്ടായത് കനത്ത നഷ്ടം. പാക് ബങ്കറുകൾ നശിപ്പിച്ചും ഇന്ധന സംഭരണികൾ തകർത്തെറിഞ്ഞുമുള്ള ഇന്ത്യൻ സൈന്യത്തിന്റെ മിസൈൽ ആക്രമണത്തിൽ കനത്ത നഷ്ടമാണ് ഇന്നലെ പാക്കിസ്ഥാന് ഉണ്ടായത്.

ഇതിന്റെ വിഡിയോ സൈന്യം പുറത്തുവിട്ടു. ഇന്ത്യൻ മിസൈലുകളും റോക്കറ്റുകളും ജമ്മു കശ്മീരിലെ ബാരാമുള്ള, കുപ്വാര, ബന്ദിപോറ ജില്ലകളിലെ ഉറി, നൗഗം, തങ്ദാർ, കേരൻ, ഗുരസ് എന്നിവിടങ്ങളിലെ പാക്ക് ബങ്കറുകൾ നശിപ്പിക്കുന്നത് വിഡിയോയിൽ കാണാം. മറ്റൊരു വിഡിയോയിൽ, ഇന്ത്യൻ സൈന്യത്തിന്റെ മിസൈൽ ഒരു ബങ്കറിനെ ലക്ഷ്യമാക്കി കുതിക്കുമ്പോൾ, പാക്ക് സൈനികൻ രക്ഷയ്ക്കായി ഓടുന്നത് കാണാം.

വെടിമരുന്ന്, ഇന്ധന സംഭരണ കെട്ടിടങ്ങൾ, ലോഞ്ച് പാഡുകൾ എന്നിവയും ലക്ഷ്യമിട്ടിട്ടുണ്ട്. മോർട്ടാറുകളും മറ്റു ആയുധങ്ങളും ഉപയോഗിച്ച് ദാവർ, കെരൺ, ഉറി, നൗഗം തുടങ്ങി നിരവധി ഇന്ത്യൻ മേഖലകൾ പാക്ക് സൈന്യം ലക്ഷ്യമിട്ടിരുന്നു.കേരൻ മേഖലയിൽ നിന്ന് ചില ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാക്ക് വെടിവയ്പ് ഉണ്ടായത്.

ഇന്ത്യയുടെ തിരിച്ചടിയിൽ ഏഴ് പാക്ക് സൈനികർ കൊല്ലപ്പെടുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി സൈനിക വൃത്തങ്ങൾ പറയുന്നു. ആക്രമണത്തിൽ ഇന്ത്യൻ സൈന്യത്തിലെ മൂന്ന് പേരും അതിർത്തി സുരക്ഷാ സേനയിലെ ഒരു സൈനികനുമടക്കം നാല് സൈനികർ വീരമൃത്യു വരിച്ചതായി അധികൃതർ അറിയിച്ചു.

മൂന്നു സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്. നവംബർ 7-8 തീയതികളിൽ മച്ചൽ സെക്ടറിൽ നടന്ന നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മൂന്ന് ഭീകരരെ സൈന്യം കൊലപ്പെടുത്തിയിരുന്നു.