മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കുള്ള കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ കർശനമാക്കി ബിസിസിഐ. ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുംമുമ്പ് ഇന്ത്യൻ ടീമംഗങ്ങൾക്ക് മൂന്ന് കോവിഡ് പരിശോധന നടത്തുമെന്ന് ബിസിസിഐ അറിയിച്ചു.

മുംബൈയിൽ നിന്ന് ജൂൺ രണ്ടിനാണ് ടീം യാത്ര പുറപ്പെടുന്നത്. ഇതിന് മുമ്പ് ടീമിലെ മുഴുവൻ അംഗങ്ങൾക്കും ആർടി-പിസിആർ ടെസ്റ്റ് നടത്തും. വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

'എല്ലാവരും ഈ മാസം 19-ന് മുംബൈയിൽ എത്തും. അതിന് മുമ്പ് മൂന്നു ആർടി-പിസിആർ ടെസ്റ്റ് നടത്തണം. മുംബൈയിലെത്തിയ ശേഷം 14 ദിവസം ക്വാറന്റെയ്നിൽ കഴിയണം. നിരീക്ഷണ കാലാവധിക്ക് ശേഷം ജൂൺ രണ്ടിന് ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും.'-ബിസിസിഐ വ്യക്തമാക്കുന്നു.

ടീമിലെ എല്ലാവരും ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് മുമ്പ് വാക്സിൻ എടുക്കണമെന്നും ബിസിസിഐ നിർദേശിച്ചിട്ടുണ്ട്. ആദ്യ ഡോസ് വാക്സിൻ ഇന്ത്യയിൽ നിന്ന് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് ഇംഗ്ലണ്ടിൽ നിന്നാകും ലഭിക്കുക. ഇതിനുള്ള ഒരുക്കങ്ങൾ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡുമായി ചേർന്ന് നടത്തുമെന്ന് ബിസിസിഐ വ്യക്തമാക്കി.

ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലന്റാണ് ഇന്ത്യയുടെ എതിരാളി. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം നടക്കുന്നത്. അതിനുശേഷം ഇംഗ്ലണ്ടുമായി ഇന്ത്യയുടെ പരമ്പര ആരംഭിക്കും. അഞ്ചു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ചാമ്പ്യൻഷിപ്പ് ഫൈനലിലും പരമ്പരയിലും ഒരേ ടീം തന്നെയാണ് കളിക്കുക.